ഹോർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളുടെ സുരക്ഷ: ബഹ്റൈൻ രാജാവ് ഗ്രീക്ക് പ്രസിഡന്റുമായി ചർച്ച നടത്തി


പ്രദീപ് പുറവങ്കര

ഏതൻസ്: സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരവും വിതരണ ശൃംഖലകളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പ്രമുഖ സമുദ്രപാതകളായ ഹോർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളുടെ സുരക്ഷ ശക്തമാക്കാൻ ബഹ്റൈനും ഗ്രീസും തീരുമാനിച്ചു. ഏഥൻസിലെ പ്രസിഡൻഷ്യൽ മാൻഷനിൽ ഗ്രീക്ക് പ്രസിഡന്റ് കോൺസ്റ്റന്റൈൻ അൻ മനാസൗലാസുമായി ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

അന്താരാഷ്ട്ര സമുദ്രനിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനുകളും പാലിച്ചുകൊണ്ട് മാത്രമേ തന്ത്രപ്രധാനമായ സമുദ്രപാതകളിൽ ക്രമീകരണങ്ങൾ വരുത്താവൂ എന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ബഹ്റൈനും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മധ്യപൂർവേഷ്യയിലെ നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി.

ബഹ്റൈന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഗ്രീക്ക് പ്രസിഡന്റ്, രാജ്യത്തിനെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ ജീവഹാനിക്കും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടങ്ങൾക്കും ഇടയാക്കിയതായും ഗൾഫ് മേഖലയിലും ഗ്രീസിലും ഇതിന്റെ ആഘാതം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്കടലിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗ്രീക്ക് നാവികസേന നടത്തുന്ന 'ഓപ്പറേഷൻ ആസ്പൈഡ്സ്' (Operation ASPIDES) പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് ഗ്രീസിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹ്റൈനും ഗ്രീസും തമ്മിലുള്ള 23 നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഹമദ് രാജാവ് അനുസ്മരിച്ചു. പുരാതന ഗ്രീക്ക് രേഖകളിൽ ബഹ്റൈനെ 'തൈലോസ്' (Tylos) എന്ന് വിശേഷിപ്പിച്ചിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീക്ക്-ദിൽമുൻ നാഗരികതകളുടെ ഈ ചരിത്രപരമായ അടിത്തറ ഇരുരാജ്യങ്ങളും തമ്മിലുള്ള ആധുനിക പങ്കാളിത്തത്തിന് കരുത്തേകുമെന്ന് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.

തുടർന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോതാക്കിസുമായും ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.

article-image

ghghh

You might also like

  • Lulu Exchange
  • Straight Forward

Most Viewed