ഹാഷിഷും ലഹരിവസ്തുക്കളുമായി ഈജിപ്ഷ്യൻ വ്യവസായി അറസ്റ്റിൽ; കേസ് ബഹ്റൈൻ കോടതിയിൽ
പ്രദീപ് പുറവങ്കര
മനാമ: വൻതോതിൽ ഹാഷിഷും മറ്റ് ലഹരിവസ്തുക്കളും കൈവശം വെച്ചതിനും വിൽപന നടത്തിയതിനും 43-കാരനായ ഈജിപ്ഷ്യൻ വ്യവസായി ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 3,000 ഗ്രാമിലധികം തൂക്കം വരുന്ന ലിക്വിഡ് ഹാഷിഷ് അടങ്ങിയ 145 ബോട്ടിലുകൾ, അരക്കിലോയോളം നിർമ്മിത ഹാഷിഷ്, ലഹരി സ്പ്രേകൾ, മയക്കുമരുന്ന് ലായനിയിൽ മുക്കിയ 100-ലധികം കടലാസുകൾ എന്നിവ കണ്ടെടുത്തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെത്തി. ഉദ്യോഗസ്ഥർ നടത്തിയ വൈദ്യപരിശോധനയിൽ പ്രതി ലഹരി ഉപയോഗിച്ചതായും സ്ഥിരീകരിച്ചു.
പബ്ലിക് പ്രോസിക്യൂഷൻ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ പ്രതി തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. കേസിന്റെ രേഖകൾ പരിശോധിക്കുന്നതിനും ഫയലിന്റെ പകർപ്പ് ലഭിക്കുന്നതിനുമായി പ്രതിഭാഗത്തിന് സമയം അനുവദിച്ച കോടതി, കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 21-ലേക്ക് മാറ്റി.
sdsg

