മേഖലയിലെ സാഹചര്യവും സാമ്പത്തിക വെല്ലുവിളികളും; പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സജ്ജമായി ബഹ്റൈൻ പാർലമെന്റ്
പ്രദീപ് പുറവങ്കര
മനാമ: വരാനിരിക്കുന്ന പുതിയ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, രാജ്യത്തെ പ്രധാനപ്പെട്ട ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പിൽ ബഹ്റൈൻ പാർലമെന്റ്. സങ്കീർണ്ണമായ പ്രാദേശിക-അന്തർദേശീയ സാഹചര്യങ്ങളും വളർന്നുവരുന്ന സാമ്പത്തിക വെല്ലുവിളികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. പൗരന്മാരുടെ ആനുകൂല്യങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും എംപിമാർ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തൽ, സാമൂഹിക സംരക്ഷണം, പാർപ്പിടം, തൊഴിലവസരങ്ങൾ, ബഹ്റൈനൈസേഷൻ എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി. കൂടാതെ സാമ്പത്തിക വളർച്ച, നിക്ഷേപങ്ങൾ എന്നിവയെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക, സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി സൈബർ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരിക എന്നിവയ്ക്കായിരിക്കും വിദേശകാര്യ-പ്രതിരോധ-ദേശീയ സുരക്ഷാ സമിതി മുൻഗണന നൽകുകയെന്ന് സമിതി ചെയർമാൻ ഡോ. ഹസൻ ബുഖമാസ് പറഞ്ഞു.
കുറഞ്ഞ സാമൂഹിക ചെലവിൽ സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, എണ്ണയിതര മേഖലകളെ പ്രോത്സാഹിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ധനകാര്യ-സാമ്പത്തിക കാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂം വ്യക്തമാക്കി. ബഹ്റൈനൈസേഷൻ, സബ്‌സിഡികളുടെ ന്യായമായ വിതരണം, വൈദ്യുതി നിരക്ക് കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ വരാനിരിക്കുന്ന സമ്മേളനത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മറ്റ് എംപിമാരും അഭിപ്രായപ്പെട്ടു.
ccvvcx

