മുഹറഖ് സൂഖിന്റെ പാരമ്പര്യം നിലനിർത്തി വികസനം ഉറപ്പാക്കും: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന്റെ സാമ്പത്തിക പാരമ്പര്യവും ചരിത്രപരമായ പ്രാധാന്യവും വിളിച്ചോതുന്ന മുഹറഖ് സൂഖിന്റെ തനിമയും ഐഡന്റിറ്റിയും നിലനിർത്തിക്കൊണ്ടുതന്നെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI) ചെയർമാൻ നബീൽ ഖാലിദ് കാനൂ വ്യക്തമാക്കി. വിപണിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും വ്യാപാരികൾക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്രദമായ രീതിയിൽ വാണിജ്യ-സഞ്ചാര മേഖലകൾ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് സമൂഹവുമായി നേരിട്ട് സംവദിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ചേംബർ ഭരണസമിതി അംഗങ്ങളും വ്യവസായികളും ചേർന്ന് മുഹറഖ് സൂഖിൽ നടത്തിയ ഫീൽഡ് സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യവസായി ഫുആദ് ശ്വൈതറിന്റെ മജ്‌ലിസിൽ വെച്ച് നടന്ന തുറന്ന ചർച്ചയോടെയാണ് സന്ദർശനം ആരംഭിച്ചത്. ചന്തയുടെ വികസനം, കച്ചവട സാധ്യതകൾ വർദ്ധിപ്പിക്കൽ, വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
വ്യാപാരികളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും നേരിട്ട് കേട്ടറിഞ്ഞ് ബന്ധപ്പെട്ട ഭരണകൂട അധികാരികൾക്ക് മുന്നിൽ എത്തിക്കുമെന്നും, പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ ചേംബർ മുൻകൈ എടുക്കുമെന്നും നബീൽ ഖാലിദ് കാനൂ ഉറപ്പുനൽകി.
തുടർന്ന് ചേംബർ ചെയർമാനും ഭരണസമിതി അംഗങ്ങളും ചരിത്രപ്രസിദ്ധമായ ഖൈസരിയ മാർക്കറ്റും സൂഖിലെ വിവിധ കടകളും സന്ദർശിച്ചു. മുഹറഖിന്റെ പരമ്പരാഗത മുത്തു വാരൽ ചരിത്രവുമായും കച്ചവട പാരമ്പര്യവുമായും ബന്ധമുള്ള ഖൈസരിയ മാർക്കറ്റിന്റെ ചരിത്രപരമായ മൂല്യം സംരക്ഷിക്കുന്നത് പ്രദേശത്തിന്റെ സാമ്പത്തിക, ടൂറിസം സാധ്യതകൾക്ക് വലിയ കരുത്തേകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
sdfsdf

