കാൻസറിനെ തളയ്ക്കാൻ ഒരു 'മാജിക് വാക്സിൻ'; വഴിത്തിരിവുമായി അവസാനഘട്ട പരീക്ഷണം


ഷീബ വിജയൻ

ഷിക്കാഗോ: ചർമത്തെ ബാധിക്കുന്ന മാരകമായ മെലനോമ കാൻസറിനെതിരെ അമേരിക്കൻ മരുന്ന് നിർമാണ കമ്പനികളായ മോഡേണയും മെർക്കും ചേർന്ന് വികസിപ്പിച്ച വ്യക്തിഗത എംആർഎൻഎ കാൻസർ വാക്സിൻ്റെ അവസാനഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയയ്ക്കുശേഷവും കാൻസർ തിരികെ വരാനുള്ള സാധ്യതയും ശരീരത്തിലുടനീളം പടരാനുള്ള സാധ്യതയും തടയാൻ ഈ വാക്സിന് സാധിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾ തെളിയിച്ചു. കാൻസർ പ്രതിരോധരംഗത്ത് വലിയൊരു മാറ്റത്തിനാണ് ഈ നേട്ടം വഴിയൊരുക്കുന്നത്.

ചർമത്തിന് നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങളെ ബാധിക്കുന്ന മാരകമായ കാൻസറാണ് മെലനോമ. ആകെ ചർമ കാൻസറുകളിൽ ഒരു ശതമാനം മാത്രമാണ് മെലനോമയെങ്കിലും, ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വേഗത്തിൽ പടരുന്നതിനാൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നതും ഇതാണ്. 1,137 രോഗികളിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ, മെർക്കിൻ്റെ 'കീട്രൂഡ' എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിനൊപ്പം ഈ വാക്സിൻ നൽകിയപ്പോൾ കാൻസർ വീണ്ടും വരാനുള്ള സാധ്യത 49% മുതൽ 60% വരെ കുറഞ്ഞതായി കണ്ടെത്തി. കീട്രൂഡ മാത്രം നൽകുന്നതിനേക്കാൾ കാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത 59% കുറയ്ക്കാനും ഈ കൂട്ടുകെട്ടിന് സാധിച്ചു.

പാരമ്പര്യഗത കീമോതെറാപ്പി നല്ല കോശങ്ങളെയും നശിപ്പിക്കുമ്പോൾ, സാധാരണ വാക്സിനുകളിൽനിന്ന് വ്യത്യസ്തമായി ഓരോ രോഗിയുടെയും ട്യൂമറിലെ പ്രത്യേക ജനിതക വ്യതിയാനങ്ങൾ പരിശോധിച്ച് അവർക്കായി പ്രത്യേകം രൂപകല്പന ചെയ്യുന്നതാണ് ഈ വാക്സിൻ. ഇത് ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയ്ക്ക് വ്യക്തമായ നിർദേശം നൽകി, കാൻസർ കോശങ്ങളെ മാത്രം കൃത്യമായി കണ്ടെത്തി നശിപ്പിക്കാൻ സഹായിക്കുന്നു.

മെലനോമയ്ക്ക് പുറമെ ശ്വാസകോശം, ബ്ലാഡർ, വൃക്ക, സ്തനാർബുദം, പാൻക്രിയാസ്, വയർ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്കെതിരെയും എംആർഎൻഎ വാക്സിനുകൾ വികസിപ്പിച്ചു വരികയാണ്. റോഷ്, ബയോഎൻടെക് എന്നീ കമ്പനികളും ഈ രംഗത്ത് സജീവമാണ്. സാധാരണ വാക്സിൻ എടുക്കുമ്പോൾ ഉണ്ടാകുന്ന നേരിയ ലക്ഷണങ്ങളല്ലാതെ മറ്റു ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇതിൽ കണ്ടെത്തിയിട്ടില്ല. വിവിധ രാജ്യങ്ങളിലെ നിയന്ത്രണ ഏജൻസികളുടെ സാങ്കേതിക അനുമതികൾ ലഭിക്കുന്നതോടെ വരും വർഷങ്ങളിൽ ഈ ചികിത്സാരീതി വിപണിയിലെത്തുമെന്നും ലക്ഷക്കണക്കിന് കാൻസർ രോഗികൾക്ക് ഇത് പുതിയ പ്രതീക്ഷ നൽകുമെന്നും കരുതപ്പെടുന്നു.

മെർക്കുമായി ചേർന്ന് വികസിപ്പിച്ച വ്യക്തിഗത എംആർഎൻഎ കാൻസർ വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം വിജയമായതോടെ മോഡേണയുടെ ഓഹരിമൂല്യം 150 ശതമാനത്തോളം കുതിച്ചുയർന്നു. മെർക്കിൻ്റെ ഓഹരിമൂല്യം 11 ശതമാനത്തിലധികം ഉയർന്നു. 2027ഓടെ മെലനോമ രോഗികൾക്ക് ഈ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് മോഡേണ പ്രസിഡൻ്റ് സ്റ്റീഫൻ ഹോജ് വ്യക്തമാക്കി.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed