മരത്തിന്മേൽ തൊട്ട കളി ഹൈക്കോടതിയിൽ എട്ടുനിലയിൽ പൊട്ടി; അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി


ഷീബ വിജയൻ

കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി റോജി അഗസ്റ്റിൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

അതേസമയം, വഞ്ചനാക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. എന്നാൽ ആൻ്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ഹാജരായില്ല. മറ്റ് പ്രതികൾ എവിടെയാണെന്ന് ചോദിച്ച കോടതി, റോജിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.

വയനാട് വനഭൂമിയിൽനിന്ന് മരം മുറിച്ചെന്ന കേസിൽ തീർപ്പുണ്ടാകുന്നതുവരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നിർത്തിവെക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ ഇത്തരത്തിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സാങ്കേതികമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുകൾ പൂർത്തിയായിട്ടില്ലെങ്കിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയിലാണെന്നും, ഹൈക്കോടതിയിൽ നേരിട്ട് ആവശ്യപ്പെടേണ്ടതില്ലെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. ഇതോടെ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ തുടരുന്നതിന് തടസമില്ലാതായി.

വയനാട് മേപ്പാടിയിൽനിന്ന് മുറിച്ച ഈട്ടിമരങ്ങൾ വനംവകുപ്പിൻ്റെ നിയമപരമായ പാസോടെയാണ് കൊണ്ടുവന്നതെന്ന് വ്യാജരേഖ കാട്ടി തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അമ്പലമേട് പോലീസ് കേസെടുത്തത്. കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാരാണ് പരാതിക്കാരൻ. ഈ കേസിലെ വിചാരണയാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ 18ന് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നെങ്കിലും, രണ്ട് ദിവസത്തെ സാവകാശം തേടി റോജി അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകാൻ സാവകാശം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നേരിട്ട് ഹാജരാകാനുള്ള കോടതിയുടെ സമൻസ് അവഗണിച്ചതിനെ തുടർന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറൻ്റും പുറപ്പെടുവിച്ചിരുന്നു.

article-image

cxadsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed