അൽ റംലി അപ്പാർട്ട്‌മെന്റ് തീപിടുത്തം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് കിരീടാവകാശി; പബ്ലിക് പ്രൊസിക്യൂഷൻ നടപടികൾ ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: അൽ റംലിയിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ ഓഗസ്റ്റ് 18-നുണ്ടായ ദാരുണമായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് അടിയന്തരമായി കാബിനറ്റിന് മുന്നിൽ സമർപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ റസിഡൻഷ്യൽ കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരുണ സംഭവത്തിൽ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും അനുശോചനം അറിയിച്ചു.
അതേസമയം, സംഭവത്തിൽ പബ്ലിക് പ്രൊസിക്യൂഷൻ സമഗ്രമായ അന്വേഷണം ആരംഭിച്ചു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ നടപടികൾ തുടങ്ങിയതായി ചീഫ് പ്രൊസിക്യൂട്ടർ അറിയിച്ചു. പ്രൊസിക്യൂട്ടർമാരും ഫോറൻസിക് വിദഗ്ധരും ദുരന്തസ്ഥലവും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ മൃതദേഹങ്ങളും പരിശോധിച്ചു. പുക ശ്വാസം മുട്ടിയാണ് നാലുപേരും മരണപ്പെട്ടതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹങ്ങൾ പിന്നീട് ബന്ധുക്കൾക്ക് വിട്ടുനൽകി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സാങ്കേതിക റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ ഡിഫൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ അപ്പാർട്ട്‌മെന്റ് അധികൃതരുടെ കസ്റ്റഡിയിൽ തുടരും. കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും സാങ്കേതിക റിപ്പോർട്ടുകൾ ലഭിച്ച ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
sfdsf

