വരിഞ്ഞുമുറുക്കി ട്രംപും യുഎഇയും; ഇറാൻ കൂടുതൽ ആഴത്തിലേക്ക്


ഷീബ വിജയൻ

ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ ദുരിതത്തിലേക്ക്. സമവായത്തിന് സന്നദ്ധമാകാത്ത ഇറാനെതിരെ അതികഠിനമായ പുതിയ ഉപരോധങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെതിരെ നേരിട്ടു മാത്രമല്ല, ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരെയും കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിൻ്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ മുന്നറിയിപ്പ് വന്നത്.

ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങളോ ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന് പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് ഈ ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള സംഘർഷം പരിഹരിക്കുന്നതിനുള്ള നീക്കങ്ങളൊന്നും നിലവിൽ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ 'ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി' എന്ന ഉപരോധ നീക്കത്തിൻ്റെ തുടർച്ചയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം.

ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ ഇവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ തുടങ്ങിയ ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ട്രംപിൻ്റെ പ്രഖ്യാപനം. ഇറാനിൽ നിന്നുമുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ തീരുമാനം. ഇറാനിൽനിന്ന് കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാൻ ദീർഘകാലമായി ഉപയോഗിച്ചിരുന്നു. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച ഇറാൻ, അമേരിക്കൻ സേനയ്ക്ക് സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്ന് വ്യക്തമാക്കി.

യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നറിയപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്ന് വിളിക്കുന്നത്. ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാർ ചൈനീസ് കമ്പനികളാണ്. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നുവെന്നാണ് സൂചന. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവെക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്ക് നൽകിയിട്ടുള്ളത്. പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

article-image

dffdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed