ഓണം കേമമാക്കാൻ ഖജനാവ് കാലിയാകും; 18,000 കോടി ഇറക്കാൻ സർക്കാർ
ഷീബ വിജയൻ
തിരുവനന്തപുരം: ബോണസും ഉത്സവബത്തയും വിപണി ഇടപെടലുമടക്കം ഇക്കുറി ഓണച്ചെലവുകൾക്കായി സർക്കാർ 18,000 കോടി രൂപ നീക്കിവെക്കുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കമാണിത്. പ്രതിമാസ ബാധ്യതകൾക്ക് പുറമെ ഓണം പ്രമാണിച്ച് നേരിട്ട് കണ്ടെത്തേണ്ടത് 10,000 കോടിയാണ്. ഖജനാവിൽനിന്ന് ഇത്രയും ഭീമമായ തുക വിതരണം ചെയ്യുന്നത് ധനസ്ഥിതിയെ ഞെരുക്കുമെങ്കിലും, പ്രാദേശിക വിപണിയിൽ ഉപഭോഗ ആവശ്യകത വർധിക്കുകയും സമ്പദ്‌വ്യവസ്ഥയെ സജീവമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അടുത്ത മാസങ്ങളിൽ നികുതി വരുമാനത്തിൽ വർധനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ഓണച്ചെലവുകൾക്കായി 2200 കോടി കടമെടുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആകെ കടമെടുക്കൽ 14,400 കോടിയാകും. ഏപ്രിൽ മുതൽ ഡിസംബർ വരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രാനുമതിയുണ്ട്. ഫലത്തിൽ ശേഷിക്കുന്ന നാല് മാസത്തേക്കുള്ള കടമെടുക്കൽ 8,600 കോടിയിൽ പരിമിതപ്പെടും. കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയിട്ടില്ല.
ഓണക്കാലത്ത് സാമൂഹ്യ ക്ഷേമ പെൻഷനും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്കുമായി 1735 കോടിയാണ് നീക്കിവെക്കുന്നത്. സപ്ലൈകോയുടെ വിപണി ഇടപെടലുകൾക്കും സബ്സിഡി വിതരണത്തിനുമായി 53 കോടിയും, കൺസ്യൂമർഫെഡ് ചന്തകൾക്കായി 25 കോടിയും ചെലവിടും. ആശാ, അങ്കണവാടി ജീവനക്കാർ ഉൾപ്പെടെ വിവിധ കരാർ-സ്കീം തൊഴിലാളികൾക്കും പ്രത്യേക ഉത്സവബത്ത നൽകാൻ തുക നീക്കിവെച്ചിട്ടുണ്ട്.
cxzczxcxz

