‘ചിറക്’ പദ്ധതിയിലൂടെ വീണ്ടും കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്‌റൈൻ; കരുനാഗപ്പള്ളിയിൽ മോട്ടോറൈസ്ഡ് തയ്യൽ മെഷീൻ വിതരണം ചെയ്തു
പ്രദീപ് പുറവങ്കര
കരുനാഗപ്പള്ളി: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ചിറക്’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളിയിൽ മോട്ടോറൈസ്ഡ് തയ്യൽ മെഷീൻ വിതരണം ചെയ്തു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി ലതയ്ക്കാണ് സൗജന്യമായി തയ്യൽ മെഷീൻ കൈമാറിയത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തുന്നതിനും കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്നതിനും വേണ്ടിയാണ് ‘ചിറക്’ പദ്ധതിയിലൂടെ തയ്യൽ മെഷീനുകൾ വിതരണം ചെയ്തുവരുന്നത്.
കരുനാഗപ്പള്ളി എം.എൽ.എ സി. ആർ. മഹേഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ട്രഷറർ ഷഫീക്ക് സൈഫുദ്ദീൻ, സ്ഥാപക നേതാവും മുൻ ജനറൽ സെക്രട്ടറിയുമായ ബിജു മലയിൽ, മുൻ വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ, വാർഡ് മെമ്പർ സുന്ദരകുമാർ, സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ, നിസാർ, വൈശാഖ് എന്നിവർ പങ്കെടുത്തു.
കേരളത്തിലെ വിവിധ ജില്ലകളിൽ അർഹരായവരെ കണ്ടെത്തി സ്വയംതൊഴിൽ പിന്തുണ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ചാരിറ്റി വിങ് കൺവീനർ രഞ്ജിത് പേരാമ്പ്ര അറിയിച്ചു.
dsfdsf

