അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കുപ്പി കൊണ്ട് ആക്രമിച്ചു: 55-കാരിയായ ബഹ്‌റൈനി വനിതയ്‌ക്കെതിരെ കേസ്
പ്രദീപ് പുറവങ്കര
മനാമ: സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വീടുകളിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഉടഞ്ഞ ചില്ലുകുപ്പി ഉപയോഗിച്ച് ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത 55-കാരിയായ ബഹ്‌റൈനി വനിതയ്‌ക്കെതിരെ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു. പൊതുസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, അക്രമം അഴിച്ചുവിടൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ അധിക്ഷേപിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുമായി എത്തിയ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാതിൽ തുറക്കാൻ വിസമ്മതിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതിനെ തുടർന്ന് ഉത്തരവുപ്രകാരം വീടിന്റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്. ഈ സമയം പൊട്ടിഞ്ഞ കുപ്പിയുമായി നിൽക്കുകയായിരുന്ന പ്രതി, അടുത്തേക്ക് വരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കുപ്പി പിടിച്ചെടുക്കാൻ ശ്രമിച്ച 35-കാരനായ പൊലീസുകാരന്റെ തള്ളവിരലിന് പരിക്കേറ്റു. തുടർന്ന് മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ കുപ്പി പിടിച്ചെടുത്തെങ്കിലും ഇയാളുടെ കൈയ്ക്കും പുറത്തിനും പരിക്കേറ്റു. പിന്നീട് ഒരു വനിതാ പൊലീസുകാരിയാണ് പ്രതിയെ കീഴടക്കിയത്.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതി ആക്രമണം തുടർന്നു. വിലങ്ങ് സ്വയം അഴിച്ച് മാറ്റിയ ശേഷം വനിതാ ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിക്കുകയും ഇത് തടയുന്നതിനിടെ വനിതാ ഉദ്യോഗസ്ഥയുടെ വലതുകൈയിലെ ഞരമ്പിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാറന്റിന് കാരണമായ സൈബർ കുറ്റകൃത്യം എന്താണെന്ന് വ്യക്തമായിട്ടില്ല. കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെയുള്ള കേസിൽ ഒക്ടോബർ 13-ന് കോടതി വിധി പ്രസ്താവിക്കും.
asasadsds

