സുരക്ഷാ സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും സൗദി അറേബ്യയും; ഉന്നതതല യോഗം ചേർന്നു
പ്രദീപ് പുറവങ്കര
മനാമ: പുതിയ വെല്ലുവിളികളെ നേരിടാനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ട് ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നു. സൗദി-ബഹ്‌റൈനി കോർഡിനേഷൻ കൗൺസിലിന് കീഴിലുള്ള സെക്യൂരിറ്റി കമ്മിറ്റി വർക്കിംഗ് ഗ്രൂപ്പിന്റെ ഏഴാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ബഹ്‌റൈൻ ഡെപ്യൂട്ടി ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി മേജർ ജനറൽ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയുടെയും സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ലീഗൽ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സുലൈമാൻ അൽ ഈസയുടെയും നേതൃത്വത്തിലായിരുന്നു യോഗം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണം സംയുക്ത സുരക്ഷാ നീക്കങ്ങൾക്ക് കരുത്തുപകരുകയും അനുഭവസമ്പത്ത് പങ്കുവെക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മേജർ ജനറൽ ഡോ. ശൈഖ് ഹമദ് ചൂണ്ടിക്കാട്ടി. ബഹ്‌റൈനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധമാണ് ഈ കൂട്ടായ്മ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ സുരക്ഷാ സമിതിയുടെ കീഴിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയും നേട്ടങ്ങളും അധികൃതർ വിലയിരുത്തി. മേഖലയിലെ പുതിയ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളും യോഗത്തിൽ പ്രധാന ചർച്ചയായി.
sdgdfg
fgg

