മുതിർന്ന പൗരന്മാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും: ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്
പ്രദീപ് പുറവങ്കര
മനാമ: മുതിർന്ന പൗരന്മാർക്കും ദീർഘകാല പരിചരണം ആവശ്യമായ രോഗികൾക്കും സമഗ്രമായ ആരോഗ്യ പരിപാലനവും പുനരധിവാസവും ഉറപ്പാക്കുന്നത് ബഹ്‌റൈന്റെ ആരോഗ്യ നയത്തിലെ പ്രധാന മുൻഗണനയാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോക്ടർ ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി.
മുഹറഖ് സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സെന്റർ സന്ദർശിച്ച് സേവനങ്ങളും പ്രവർത്തന സജ്ജീകരണങ്ങളും വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യ പരിപാലന നിലവാരം ഉയർത്തുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അൽ സയ്യിദ് ജവാദ് ഹസ്സൻ, ഗവൺമെന്റ് ഹോസ്പിറ്റൽസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ് ഹിഷാം ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ, ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അഥ്ബി അൽ ജലാഹ്മ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. തുടർച്ചയായ പരിചരണം ഉറപ്പാക്കാനും കൂടുതൽ സംയോജിതവും സുസ്ഥിരവുമായ ഒരു ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കാനും ഈ കേന്ദ്രം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അഭിപ്രായപ്പെട്ടു.
മുതിർന്ന പൗരന്മാർക്കും നിരന്തരമായ വൈദ്യസഹായം ആവശ്യമുള്ള മറ്റ് രോഗികൾക്കും ദീർഘകാല പരിചരണവും പുനരധിവാസവുമാണ് ഈ കേന്ദ്രം പ്രധാനമായും നൽകുന്നത്. ഫിസിയോതെറാപ്പി, ഹൈഡ്രോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ലാബ് പരിശോധനകൾ, റേഡിയോളജി, ഫാർമസി സേവനങ്ങൾ, സ്പെഷ്യലിസ്റ്റ് ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. സെന്ററിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച ഉന്നതതല സംഘം രോഗികളുടെ പുനരധിവാസ പരിപാടികളും ചികിത്സാ രീതികളും വിശദമായി വിലയിരുത്തി.

