യുവാക്കളിൽ ഹൃദയാഘാതം വർദ്ധിക്കുന്നു: മുന്നറിയിപ്പുമായി ബഹ്റൈനിലെ ആരോഗ്യ വിദഗ്ധർ


പ്രദീപ് പുറവങ്കര

മനാമ: യുവാക്കൾക്കിടയിൽ ഹൃദയാഘാതവും അനുബന്ധ ഹൃദ്രോഗങ്ങളും വർദ്ധിച്ചു വരുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ ബഹ്‌റൈനിൽ 26 വയസ്സുകാരനായ ഇന്ത്യൻ യുവാവ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ട സംഭവം പ്രവാസി സമൂഹത്തെ ഏറെ നടുക്കിയിരുന്നു. മുപ്പതുകളിലും നാൽപ്പതുകളിലും, എന്തിനേറെ ഇരുപതുകളുടെ അവസാനത്തിലുള്ളവരിൽ പോലും ഹൃദ്രോഗ സാധ്യത വലിയ തോതിൽ വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചെറുപ്പക്കാരിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം കേസുകൾ ഗണ്യമായി ഉയരുന്നുണ്ടെന്ന് അദ്‌ലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ കൺസൾട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് അബ്ദുൽ ഖാദിർ പറഞ്ഞു.

വ്യായാമമില്ലായ്മ, പോഷകാഹാരക്കുറവ്, അമിതവണ്ണം, പുകവലി, വേപ്പിംഗ് എന്നിവയാണ് ചെറുപ്പക്കാരിലെ പ്രധാന വില്ലന്മാർ. ഇതിന് പുറമെ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, കടുത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവയും സ്ഥിതി വഷളാക്കുന്നു. ബഹ്‌റൈനിലെ കടുത്ത ചൂട് കാരണം പലർക്കും പുറത്തിറങ്ങി വ്യായാമം ചെയ്യാൻ സാധിക്കാത്തതും ഒരു തിരിച്ചടിയാണ്.

ഹൃദ്രോഗം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ മൂലം പല യുവാക്കളും പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കുകയാണ് പതിവ്. നെഞ്ചിലെ കടുത്ത വേദനയ്ക്ക് പുറമെ താടി, കഴുത്ത്, തോൾ, കൈകൾ, മുതുക് എന്നിവിടങ്ങളിലെ വേദന, ശ്വാസംമുട്ടൽ, അമിത തളർച്ച, തലകറക്കം, ഓക്കാനം, അകാരണമായി വിയർക്കുക, ദഹനക്കേടിന് സമാനമായ അസ്വസ്ഥതകൾ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു.

ശരീരഭാരം കുറവുള്ളവർക്കോ ദിവസവും വ്യായാമം ചെയ്യുന്നവർക്കോ ഹൃദ്രോഗം വരില്ലെന്നത് ഒരു തെറ്റായ ധാരണയാണ്. പാരമ്പര്യ ഘടകങ്ങൾ, കൊളസ്ട്രോൾ, നിശബ്ദമായി നിൽക്കുന്ന ഉയർന്ന രക്തസമ്മർദ്ദം എന്നിവ വ്യായാമം ചെയ്യുന്നവരിലും പ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാൽ 20 വയസ്സ് മുതൽ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, ബി.എം.ഐ എന്നിവ കൃത്യമായി പരിശോധിക്കുന്നത് രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കും.

ആഴ്ചയിൽ മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവ പരിശീലിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, ഒമേഗ-3 അടങ്ങിയ മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും മധുരപാനീയങ്ങൾ, അമിത ഉപ്പ്, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുകയും വേണം. ഒപ്പം ജോലിസ്ഥലത്തെ സമ്മർദ്ദം കുറയ്ക്കാനും കൃത്യമായ ഉറക്കം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

article-image

zcc

You might also like

  • Lulu Exchange
  • Straight Forward

Most Viewed