സ്കൂൾ ഫണ്ടിൽ നിന്ന് 86,000 ദിനാർ തട്ടിയെടുത്തു: ജീവനക്കാരുടെ അപ്പീലിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കും
ശാരിക
മനാമ: വ്യാജ രേഖകളും വ്യാജ ഒപ്പുകളും നിർമ്മിച്ച് സ്കൂൾ ഫണ്ടിൽ നിന്ന് 86,000-ത്തിലധികം ബഹ്‌റൈനി ദിനാർ തട്ടിയെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് ഇൻഡസ്ട്രിയൽ സെക്കൻഡറി സ്കൂൾ ജീവനക്കാരുടെ അപ്പീൽ ഹർജി ഓഗസ്റ്റിൽ അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മൂന്നംഗ വിദഗ്ധ സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് കോടതിയിൽ ഉടൻ സമർപ്പിക്കും.
കേസിൽ ഒന്നാം പ്രതിക്ക് 10 വർഷവും രണ്ടാം പ്രതിക്ക് 3 വർഷവും മൂന്നാം പ്രതിക്ക് ഒരു വർഷവും തടവുശിക്ഷയാണ് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി നേരത്തെ വിധിച്ചിരുന്നത്. കൂടാതെ തട്ടിയെടുത്ത തുക തിരികെ അടയ്ക്കാനും പ്രതികൾക്ക് മേൽ വൻ തുക പിഴയും ചുമത്തിയിരുന്നു.
ഒരു സർക്കാർ സ്കൂളിൽ നടന്ന സാമ്പത്തിക, ഭരണപരമായ ക്രമക്കേടുകളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. 2019-നും 2024-നും ഇടയിൽ സ്കൂളിന്റെ 200-ലധികം ചെക്കുകൾ ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ പണം സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ പണമായി പിൻവലിക്കുകയോ ചെയ്യുകയായിരുന്നു.
സ്കൂൾ ഫണ്ടിൽ നിന്നുള്ള പണം റെസ്റ്റോറന്റുകൾ, കഫേകൾ, ബ്യൂട്ടി സലൂണുകൾ, സിനിമാ തിയേറ്ററുകൾ, വാഹനങ്ങൾ വാങ്ങൽ, ക്ലിനിക്ക് ചെലവുകൾ എന്നിവയ്ക്കായി പ്രതികൾ വ്യക്തിഗതമായി ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ വ്യാജരേഖ ചമയ്ക്കലിലും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളിലും തങ്ങൾക്ക് പങ്കുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
sfsdf

