ജന്തർമന്തറിലെ സമരം അവസാനിപ്പിച്ച് സി.ജെ.പി


ശാരിക 

ന്യൂഡൽഹി: ആവശ്യങ്ങൾ പൂർണമായും കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി ജന്തർമന്തറിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചതായി സി.ജെ.പി അറിയിച്ചു. സർക്കാറുമായി നടത്തിയ മൂന്നാം ഘട്ട നിർണായക ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സി.ജെ.പി നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് അർഹമായ ധനസഹായം നൽകുമെന്ന് അധികാരികൾ ഉറപ്പുനൽകിയതായി സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിൽ പ്രക്ഷോഭകർക്കെതിരെ എടുത്ത എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കാൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. ഡൽഹിയിൽ മാത്രം 15 മുതൽ 20 വരെ കേസുകളാണ് പ്രക്ഷോഭകർക്കെതിരെ എടുത്തത്. പ്രക്ഷോഭകർക്കെതിരായ കേസ് നടപടികൾ പൂർണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന്-നാല് ദിവസത്തിനുള്ളിൽ എഫ്.ഐ.ആറുകളുടെ പകർപ്പ് കൈമാറാമെന്നും, ചൊവ്വാഴ്ചയോടെ കേസ് പിൻവലിക്കൽ സംബന്ധിച്ച് സർക്കാറിന്റെ ഔദ്യോഗിക എഴുത്തുപൂർവ്വമായ ഉറപ്പ് നൽകുമെന്നും നേതാക്കൾ പറഞ്ഞു. മുൻകൂട്ടി സമർപ്പിച്ച കരട് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചക്കകം അന്തിമ ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

യുവജന രോഷത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ സമരം തുടങ്ങി 35-ാം ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. മോദി സർക്കാറിൽ അപൂർവമായി മാത്രം മന്ത്രിമാരുടെ രാജി ഉണ്ടാകാറുള്ളതിനാൽ പ്രധാന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സി.ജെ.പി. നാഷനൽ ടെസ്റ്റിങ് ഏജൻസിയിലെ 47 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പുറത്താക്കി മുഖംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. പാർലമെന്റ് മാർച്ചിനിടെ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ രാഹുൽ ഗാന്ധിയും പ്രതിപക്ഷവും രാജി ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഒടുവിൽ മറ്റ് വഴികളില്ലെന്ന് മനസ്സിലാക്കിയാണ് കേന്ദ്രം മുട്ടുമടക്കിയത്. മോദി സർക്കാറിൽ ആദ്യമായിട്ടാണ് ഒരു യുവജന പ്രക്ഷോഭത്തെ തുടർന്ന് മന്ത്രിക്ക് രാജിവെക്കേണ്ടി വരുന്നത്. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും കഴിഞ്ഞമാസം ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനും രാജിവെച്ചിരുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed