ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈൻ സർവീസുകൾ ജൂലൈ 23വരെ റദ്ദാക്കി
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് മേഖലയിലുണ്ടായ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള ബഹ്‌റൈൻ സർവീസുകൾ റദ്ദാക്കി. ജൂലൈ 21 മുതൽ 23 വരെയുള്ള തീയതികളിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. അവധിക്കാലമായതിനാൽ നാട്ടിലേക്ക് പോകാനും തിരികെ വരാനുമായി നിരവധി പ്രവാസികളാണ് ഇക്കാലയളവിൽ ടിക്കറ്റെടുത്തിരുന്നത്. സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചത് അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോകാനിരുന്നവരെയും തിരിച്ചെത്തേണ്ടവരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ, അല്ലെങ്കിൽ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാനോ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
തിങ്കളാഴ്ച ബഹ്‌റൈന്റെ സിവിൽ ഏവിയേഷൻ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റിയാദിൽ ഇറക്കിയ ശേഷം തിരികെ കോഴിക്കോട്ടേക്ക് തന്നെ മടങ്ങുകയായിരുന്നു. അന്നേദിവസം ഉച്ചയ്ക്ക് ശേഷം ബഹ്‌റൈനിൽ നിന്നുള്ള കോഴിക്കോട് സർവീസും റദ്ദാക്കിയിരുന്നു. പ്രതിസന്ധിയെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളത്തിലെ നിരവധി സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്‌തെങ്കിലും, പിന്നീട് ഭാഗികമായി വ്യോമഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് എന്നീ വിമാനക്കമ്പനികളും ബഹ്‌റൈനിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ജൂലൈ 31 വരെ എമിറേറ്റ്‌സും ജൂലൈ 24 വരെ ഖത്തർ എയർവേയ്‌സും ബഹ്‌റൈൻ സെക്ടറിൽ സർവീസ് നടത്തില്ല. അവധി കഴിഞ്ഞ് തിരികെ എത്താനിരിക്കുന്ന നിരവധി മലയാളികളടക്കമുള്ള യാത്രക്കാരെ ഇത് കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്. മറ്റ് എയർലൈനുകളെ ആശ്രയിക്കേണ്ടി വരുന്നതോടെ കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതും പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുകയാണ്.
drrrfrrd

