ഇൻസ്റ്റാഗ്രാമിൽ മതവിദ്വേഷം പ്രചരിപ്പിച്ച യുവതിക്ക് ഒരു മാസം തടവ്; മൊബൈൽ ഫോൺ കണ്ടുകെട്ടാൻ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര
മനാമ: ഇൻസ്റ്റാഗ്രാമിലൂടെ ഒരു പ്രത്യേക മതവിഭാഗത്തെയും അവരുടെ ആചാരങ്ങളെയും പരസ്യമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചതായി ഇലക്ട്രോണിക് ക്രൈംസ് പ്രോസിക്യൂഷൻ തലവൻ അറിയിച്ചു. ശിക്ഷാ നടപടികളുടെ ഭാഗമായി ഇവരുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇലക്ട്രോണിക് ക്രൈംസ് ഡയറക്ടറേറ്റ് നടത്തിയ നിരന്തര നിരീക്ഷണത്തിലൂടെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് കണ്ടെത്തിയത്. രാജ്യത്ത് ചേരിതിരിവും മതസ്പർദ്ധയും വളർത്തുന്ന രീതിയിലുള്ളതായിരുന്നു ഈ കമന്റ് എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഇലക്ട്രോണിക് ക്രൈംസ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഉടനടി അന്വേഷണം ആരംഭിക്കുകയായിരുന്നു. സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രസ്തുത സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന യുവതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള കുറ്റം പ്രതി സമ്മതിക്കുകയും വിവാദമായ കമന്റ് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്റേതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് കസ്റ്റഡിയിലായിരുന്ന പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ വിചാരണയ്ക്കായി ബന്ധപ്പെട്ട കോടതിയിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിലാണ് കുറ്റം തെളിഞ്ഞതിനെത്തുടർന്ന് കോടതി ഇവർക്ക് തടവുശിക്ഷയും പിഴയും വിധിച്ചത്.
sdfsfd

