ഉപഭോക്താക്കൾക്ക് തകരാറില്ലാത്ത ഉൽപ്പന്നങ്ങളും കൃത്യമായ വിലവിവരങ്ങളും ഉറപ്പാക്കണം; കച്ചവടക്കാർക്ക് കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ വാണിജ്യ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ വിപണികളിൽ ഉപഭോക്താക്കൾക്ക് സുരക്ഷിതവും തകരാറുകൾ ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കാവൂ എന്നും ഉൽപ്പന്നങ്ങളുടെ വിലവിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം കച്ചവടക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ സവിശേഷതകളെയും ഗുണനിലവാരത്തെയും കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ മാത്രമേ നൽകാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ ബോധവൽക്കരണത്തിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ ‘നിങ്ങളുടെ അവകാശങ്ങൾ അറിയുക, കടമകൾ നിറവേറ്റുക’ എന്ന ക്യാമ്പയിനിലാണ് ഈ നിർദ്ദേശങ്ങളുള്ളത്. ഒരു ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് അതിന്റെ അവസ്ഥ, സവിശേഷതകൾ, കൃത്യമായ വില എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ വിവരങ്ങൾ നൽകാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്.
വിവിധ ഓഫറുകളും വിലക്കിഴിവുകളും പ്രഖ്യാപിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ പഴയ വിലയും ഓഫർ വിലയും ഒരുമിച്ച് പ്രദർശിപ്പിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ലഭിക്കുന്ന കൃത്യമായ ഡിസ്കൗണ്ട് എത്രയെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. വാറന്റി കാലയളവിലുള്ള ഉൽപ്പന്നങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ രാജ്യത്തെ ഉപഭോക്തൃ നിയമങ്ങൾക്കനുസൃതമായി സൌജന്യമായി നന്നാക്കി നൽകണം. വാങ്ങിയ ഉൽപ്പന്നത്തിന് എന്തെങ്കിലും തരത്തിലുള്ള നിർമ്മാണ തകരാറുകൾ ഉണ്ടെങ്കിലോ, അല്ലെങ്കിൽ കച്ചവടക്കാരൻ പറഞ്ഞ സവിശേഷതകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിലോ അത് നന്നാക്കി വാങ്ങാനോ, പുതിയത് മാറ്റിയെടുക്കാനോ, പണം തിരികെ വാങ്ങാനോ ഉപഭോക്താവിന് അവകാശമുണ്ട്. തകരാറിലായ ഉൽപ്പന്നങ്ങൾ നന്നാക്കുന്നതിനായി കൊണ്ടുപോകുന്നതിനുള്ള ചെലവ് കച്ചവടക്കാർ തന്നെ വഹിക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഉൽപ്പന്നം നന്നാക്കി നൽകുന്നതുവരെയുള്ള കാലയളവിലേക്ക് ഉപഭോക്താക്കൾക്ക് പകരം ഉപയോഗിക്കാൻ മറ്റൊരു ഉൽപ്പന്നം സൌജന്യമായി നൽകേണ്ടതുമുണ്ട്.
വ്യാപാരികൾക്കൊപ്പം തന്നെ ഉപഭോക്താക്കൾക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. ഡെലിവറി രസീതുകളിൽ ഒപ്പുവെക്കുന്നതിന് മുൻപ് ഉൽപ്പന്നങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. സാധനങ്ങൾ വാങ്ങുന്നതിന് മുൻപ് വിവിധ കടകളിലെ വിലകൾ താരതമ്യം ചെയ്യാനും ബില്ലുകളും വാറന്റി കാർഡുകളും സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണം. വിപണിയിലെ വിവിധ പ്രമോഷനുകൾ, നറുക്കെടുപ്പുകൾ എന്നിവയ്ക്ക് മന്ത്രാലയത്തിന്റെ കൃത്യമായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ഉൽപ്പന്നങ്ങളുടെ ലേബലുകളും വിലവിവരങ്ങളും വാങ്ങുന്നതിന് മുൻപ് വായിച്ചു മനസ്സിലാക്കാൻ ഉപഭോക്താക്കൾ തയ്യാറാകണം.
ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികളുണ്ടാകും. നിയമലംഘനങ്ങൾക്ക് പതിനായിരം ബഹ്‌റൈനി ദിനാർ വരെ പിഴ ഈടാക്കാൻ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ട്. മനഃപൂർവ്വം തെറ്റായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്ക് തടവുശിക്ഷ ലഭിച്ചേക്കാം. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അവരുടെ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാനും മന്ത്രാലയത്തിന് അധികാരമുണ്ട്. പരാതികൾ ഉള്ളവർക്ക് ആവശ്യമായ ബില്ലുകൾ, വാറന്റി കാർഡുകൾ, കരാറുകൾ എന്നിവ സഹിതം ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിൽ പരാതി നൽകാം. വിപണിയിൽ ന്യായമായ വ്യാപാര രീതികൾ പ്രോത്സാഹിപ്പിക്കാനും വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
sdfsdf

