വിപണിയിൽ വൻ ഇടിവ്: ബഹ്‌റൈനിൽ വെള്ളി വില കിലോഗ്രാമിന് ആയിരം ദിനാറോളം കുറഞ്ഞു; നിക്ഷേപകർക്ക് ആശങ്ക
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ വിപണിയിൽ വെള്ളി വിലയിൽ വൻ ഇടിവ്. വെറും നാല് മാസത്തിനിടെ ഒരു കിലോഗ്രാം വെള്ളി ബാറിന് (Silver bar) ആയിരം ബഹ്‌റൈനി ദിനാറോളം വില കുറഞ്ഞത് ചെറുകിട നിക്ഷേപകർക്ക് കനത്ത തിരിച്ചടിയായി. വില കുതിച്ചുയർന്ന സമയത്ത് ഒരു കിലോഗ്രാം വെള്ളി ബാറിന് വിപണിയിൽ പതിനേഴായിരം (1,700) ദിനാറോളം വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് വെറും എഴുന്നൂറ്റി തൊണ്ണൂറ്റിയരണ്ട് (792) ദിനാറായി താഴ്ന്നതായി വിപണി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആഗോള വിപണിയിലുണ്ടായ വിലയിടിവും നിക്ഷേപകർക്കിടയിലെ ജാഗ്രതയുമാണ് വിപണിയിലെ ഈ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണം.
വില കുത്തനെ കുറഞ്ഞിട്ടും വിപണിയിലേക്ക് ഉപഭോക്താക്കൾ മടങ്ങിയെത്തുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി. വരും ദിവസങ്ങളിൽ വില ഇനിയും കുറഞ്ഞേക്കുമെന്ന ഭയത്താൽ കൂടുതൽ നിക്ഷേപകർ ഇപ്പോൾ വാങ്ങാൻ മടിച്ചുനിൽക്കുകയാണ്. സമീപകാലത്ത് പ്രാദേശിക വെള്ളി വിപണി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വില വ്യതിയാനങ്ങളിലൊന്നാണിത്. വില കുറഞ്ഞാൽ ആളുകൾ വിപണിയിലേക്ക് ഒഴുകിയെത്തുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിച്ചതെങ്കിലും വിലയിടിവിന്റെ വേഗം ഉപഭോക്താക്കളെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
വില കുതിച്ചുയരുന്ന സമയത്ത്, അത് ഇനിയും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും വെള്ളി ബാറുകൾ വാങ്ങി കൂട്ടിയത്. എന്നാൽ ഇപ്പോഴുണ്ടായ ഇടിവ് ചുരുങ്ങിയ കാലയളവിലേക്കുള്ള നിക്ഷേപമെന്ന നിലയിൽ വെള്ളിയെ കാണുന്നതിൽ പലരിലും സംശയമുണ്ടാക്കിയിട്ടുണ്ട്. നഷ്ടം ഒഴിവാക്കാൻ ചിലർ തങ്ങളുടെ പക്കലുള്ള വെള്ളി ബാറുകൾ വിറ്റഴിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും മറ്റ് ചിലർ വിപണി വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ സൂക്ഷിച്ചുവെക്കുകയാണ്.
അതേസമയം, വിപണിയിലുണ്ടാകുന്ന സാധാരണ തിരുത്തൽ പ്രക്രിയ മാത്രമാണ് ഇതെന്നും ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ വെള്ളിയുടെ വില ഇനിയും ഉയരുമെന്നും വിശ്വസിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. മുൻപ് വില കുറഞ്ഞ സമയത്ത് വെറും നാനൂറ് (400) ദിനാറിന് വെള്ളി ബാർ വാങ്ങിയവരുണ്ടെന്നും എന്നാൽ പിന്നീട് വില കൂടിയപ്പോൾ ആയിരത്തി മുന്നൂറ് (1,300) ദിനാർ വരെ നൽകിയാണ് വെള്ളി ബാറുകൾ വാങ്ങിയതെന്നും ചിലർ പറയുന്നു.
sfsdf

