വിമാനക്കൂലി വർദ്ധനവ് വില്ലനായി; ബഹ്‌റൈനിൽ പൂക്കളുടെ വിലയിൽ 25 ശതമാനം വരെ വർദ്ധനവ്
പ്രദീപ് പുറവങ്കര
മനാമ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പൂക്കളുടെ ഇറക്കുമതിച്ചെലവ് ഉയർന്നതോടെ ബഹ്‌റൈൻ വിപണിയിൽ പൂക്കളുടെ വിലയിൽ 25 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തി. വിമാന ഇന്ധനവില വർദ്ധിച്ചതും കാർഗോ നിരക്കുകളിൽ വന്ന മാറ്റങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. എങ്കിലും വിമാന സർവീസുകൾ പഴയപടി സാധാരണ നിലയിലാകുന്നതോടെ ചില ഹോൾസെയിൽ വിലകളിൽ നേരിയ കുറവ് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. മുൻപ് 3 മുതൽ 5 ബഹ്‌റൈനി ദിനാർ വരെ വിലയുണ്ടായിരുന്ന ഒരു പൂച്ചെണ്ടിന് (Bouquet) നിലവിൽ 7 മുതൽ 10 ദിനാർ വരെയാണ് ഈടാക്കുന്നതെന്ന് ഈ രംഗത്തെ ഇറക്കുമതിക്കാരനായ ഹസൻ അതിയ്യ പറഞ്ഞു. മുൻപ് ഉത്പാദന കേന്ദ്രത്തിൽ 4.5 ദിനാർ വിലയുണ്ടായിരുന്ന 25 റോസാപ്പൂക്കളുടെ ഒരു ബാച്ചിന് അടുത്തിടെ 8.5 ദിനാർ വരെയായി ഉയർന്നെങ്കിലും ഇപ്പോൾ അത് 5 ദിനാറിലേക്ക് കുറഞ്ഞിട്ടുണ്ട്.
ബഹ്‌റൈനിലേക്ക് ആവശ്യമായ പൂക്കൾ മുഴുവൻ വിമാനമാർഗ്ഗമാണ് ഇറക്കുമതി ചെയ്യുന്നത്. കെനിയ, എത്യോപ്യ, കൊളംബിയ, തായ്‌ലൻഡ്, ശ്രീലങ്ക, നെതർലൻഡ്‌സ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ബഹ്‌റൈനും മറ്റ് ഗൾഫ് രാജ്യങ്ങളും ആഴ്ചതോറും പൂക്കൾ വാങ്ങുന്നത്. ഇതിൽ ചില ഇനം പൂക്കൾ സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളം വഴിയും ഇങ്ങോട്ടേക്ക് എത്തിക്കാറുണ്ട്. ഗൾഫ് വിപണിയിൽ ഇപ്പോഴും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പൂക്കൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. നെതർലൻഡ്‌സ്, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കൾക്ക് ആഫ്രിക്കൻ പൂക്കളേക്കാൾ 40 ശതമാനത്തോളം വില കൂടുതലാണ്.
ഇറക്കുമതിച്ചെലവിന് പുറമെ പൂക്കൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കുന്നതിനുള്ള പാക്കേജിംഗ് ചെലവും കുത്തനെ ഉയർന്നിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) തടസ്സങ്ങളെത്തുടർന്ന് പൂ വ്യാപാരികൾ ഉപയോഗിക്കുന്ന പോളിസ്റ്റൈറീൻ ബോക്സുകളുടെ വില 4 ദിനാറിൽ നിന്നും 22 ദിനാറായി ഉയർന്നു. ആദ്യഘട്ടത്തിൽ 11 ദിനാറിലേക്ക് ഉയർന്ന ബോക്സ് വില പിന്നീട് വീണ്ടും ഇരട്ടിയാകുകയായിരുന്നു. ഇതോടെ വിപണിയിൽ മുൻപ് 200 ഫിൽസിന് ലഭിച്ചിരുന്ന ഏറ്റവും സാധാരണമായ ഒരു റോസാപ്പൂവിന് നികുതി ഉൾപ്പെടെ ഇപ്പോൾ 350 ഫിൽസ് നൽകണം. എന്നാൽ മുൻനിരയിലുള്ള ചില വലിയ ഷോപ്പുകളിൽ ആകർഷകമായ പാക്കിംഗിനും പ്രെസന്റേഷനും അനുസരിച്ച് ഒരു റോസാപ്പൂവിന് 500 ഫിൽസ് മുതൽ ഒരു ദിനാർ വരെ ഈടാക്കുന്നുണ്ട്.
പൂക്കളുടെ നിറത്തേക്കാൾ അവയുടെ എണ്ണം, തണ്ടിന്റെ നീളം, വലിപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും വില നിശ്ചയിക്കുന്നത്. എന്നാൽ പ്രത്യേക രീതിയിൽ കറുപ്പോ നീലയോ നിറങ്ങൾ നൽകി ഡൈ ചെയ്തെടുക്കുന്ന റോസാപ്പൂക്കൾക്ക് പ്രോസസ്സിംഗ് ചെലവ് കൂടുന്നതിനാൽ വില കൂടുതൽ നൽകേണ്ടി വരും. പൂക്കൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒരു റോസാപ്പൂവിന് 12 മുതൽ 36 ഫിൽസ് വരെ മാത്രമാണ് വിലയുള്ളതെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ബാക്ടീരിയ, വൈറസുകൾ, മറ്റ് സസ്യരോഗങ്ങൾ എന്നിവയൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ വിദേശത്തുനിന്നെത്തുന്ന പൂക്കൾ വെറ്ററിനറി വിഭാഗത്തിന്റെ കർശന പരിശോധനകൾക്ക് ശേഷമാണ് വിപണിയിൽ വിൽപനയ്‌ക്കായി റിലീസ് ചെയ്യുന്നത്.
asfsfd

