അടിയന്തരമല്ലാത്ത പോലീസ് സേവനങ്ങൾക്കായി 'മൈഗവ്' ആപ്പ് ഉപയോഗിക്കാം; നിർദ്ദേശങ്ങളുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: അടിയന്തര സ്വഭാവമില്ലാത്ത പോലീസ് കേസുകൾക്കും പരാതികൾക്കുമായി പൊതുജനങ്ങൾ 'മൈഗവ്' (MyGov) ആപ്പ് പ്രയോജനപ്പെടുത്തണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. അതേസമയം, അടിയന്തര സഹായം ആവശ്യമുള്ള സാഹചര്യങ്ങളിലും ഉടനടി പോലീസ് ഇടപെടേണ്ട സംഭവങ്ങളിലും നേരിട്ടോ ഫോൺ വഴിയോ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെയാണ് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷിതവും ലളിതവുമായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിവിധ പോലീസ് സേവനങ്ങൾ ലഭ്യമാക്കാൻ രൂപകൽപ്പന ചെയ്ത മികച്ചൊരു പ്ലാറ്റ്‌ഫോമാണ് മൈഗവ് ആപ്പെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അടിയന്തരമായി പോലീസ് പെട്രോൾ സംഘത്തിന്റെ സേവനം ആവശ്യമുള്ള സന്ദർഭങ്ങളിൽ ഒട്ടും സമയം കളയാതെ നേരിട്ട് ഫോണിൽ വിളിച്ച് വിവരമറിയിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവസ്ഥലം നേരിട്ട് പരിശോധിക്കേണ്ടതോ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതോ ആയ കേസുകളിൽ ബന്ധപ്പെട്ട സുരക്ഷാ കേന്ദ്രങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ അക്രമങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ, ഇരയായ വ്യക്തിക്ക് വിശദമായ വൈദ്യപരിശോധന നടത്തുന്നതിനും മറ്റ് നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥനെ നേരിട്ട് കാണേണ്ടതുണ്ട്.

കൂടാതെ, മോഷണമോ കൊള്ളയോ നടക്കുന്ന സാഹചര്യങ്ങളിൽ തെളിവുകൾ നശിച്ചുപോകാതിരിക്കാനും അന്വേഷണം സുഗമമാക്കാനും ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലം വേഗത്തിൽ പരിശോധിക്കേണ്ടി വരും. അതിനാൽ ഇത്തരം ഗുരുതര സന്ദർഭങ്ങളിൽ ഓൺലൈൻ റിപ്പോർട്ടിംഗിനെ മാത്രം ആശ്രയിക്കാതെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സുരക്ഷാ കേന്ദ്രത്തിലോ എത്രയും വേഗം നേരിട്ട് വിവരമറിയിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകൽ, ക്രിമിനൽ സ്വഭാവമുള്ള സാമ്പത്തിക അവകാശവാദങ്ങൾ, അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ, ഉടനടി പോലീസ് ഇടപെടൽ ആവശ്യമില്ലാത്ത സാധാരണ മോഷണക്കേസുകൾ, സൈബർ തട്ടിപ്പുകൾ തുടങ്ങിയ അടിയന്തര സ്വഭാവമില്ലാത്ത പരാതികൾക്ക് മൈഗവ് ആപ്പ് തികച്ചും ഫലപ്രദമായ മാർഗ്ഗമാണ്. ഇത്തരം പരാതികൾ ഓൺലൈനായി സമർപ്പിക്കുമ്പോൾ അവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും മറ്റ് തെളിവുകളും ഒപ്പം അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ സംഭവത്തിന്റെയും സ്വഭാവവും അതിന്റെ ഗൗരവവും മനസ്സിലാക്കി അനുയോജ്യമായ റിപ്പോർട്ടിംഗ് രീതി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഒപ്പം, ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി എല്ലാവരും മൈഗവ് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

article-image

zxczxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed