ബുദയ്യയിലെ അനധികൃത ചുവര പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടി വേണം: വടക്കൻ മേഖല നഗരസഭാംഗം
പ്രദീപ് പുറവങ്കര
മനാമ: ബുദയ്യയിലെ അനധികൃത ചുവര പരസ്യങ്ങൾക്കെതിരെ ശക്തമായ നിയമപാലനം ഉറപ്പാക്കണമെന്ന ആവശ്യവുമായി നോർത്തേൺ മുൻസിപ്പൽ കൗൺസിൽ (വടക്കൻ മേഖല നഗരസഭ) അംഗം വീണ്ടും രംഗത്ത്. ഈ വിഷയം ഔദ്യോഗികമായി ഉന്നയിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കൗൺസിൽ അംഗം മുഹമ്മദ് സാദ് അൽ ദോസരി സമർപ്പിച്ച പുതിയ മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന മുൻപത്തെ ഉറപ്പുകൾ നിലനിൽക്കുമ്പോഴും, തന്റെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ ചുവരുകളിൽ ഇപ്പോഴും അനിയന്ത്രിതമായ പോസ്റ്ററുകളും വാടക പരസ്യങ്ങളും പ്രൊമോഷണൽ ലഘുലേഖകളും നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതമായി പരസ്യം നൽകുന്നവരെ എങ്ങനെയാണ് കണ്ടെത്തുന്നത്, അവർക്ക് നൽകുന്ന മുന്നറിയിപ്പുകൾ, ബഹ്‌റൈനിലെ പരസ്യ നിയമപ്രകാരം ചുമത്തുന്ന പിഴകൾ എന്നിവയെക്കുറിച്ച് ചോദിച്ച് 2024 മെയ് മാസത്തിലാണ് അൽ ദോസരി ആദ്യമായി വടക്കൻ മേഖല മുനിസിപ്പാലിറ്റിക്ക് കത്ത് നൽകിയത്. നിയമങ്ങളുടെ കുറവല്ല, മറിച്ച് നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലെ വീഴ്ചയാണ് പഴയതും അനുമതിയില്ലാത്തതുമായ പോസ്റ്ററുകൾ ഇപ്പോഴും ചുവരുകളിൽ അവശേഷിക്കാൻ കാരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബഹ്‌റൈന്റെ 1973-ലെ പരസ്യ നിയമം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരം അനിയന്ത്രിതമായ പരസ്യങ്ങൾ കാഴ്ചയ്ക്ക് മലിനീകരണമുണ്ടാക്കുകയും പ്രദേശത്തിന്റെ ഭംഗി നശിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം വാദിച്ചു.
അൽ ദോസരിയുടെ മുൻപത്തെ ചോദ്യത്തിന് മറുപടിയായി, 2024 ഒക്ടോബറിൽ വടക്കൻ മേഖല മുനിസിപ്പാലിറ്റി കൃത്യമായ ഒരു നടപടിക്രമം വിശദീകരിച്ചിരുന്നു. പതിവ് പരിശോധനകൾ, പരാതികളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണം, നിയമലംഘകർക്ക് നോട്ടീസ് നൽകൽ, നിയമം പാലിക്കുന്നതിനായി അവർക്ക് സമയപരിധി അനുവദിക്കൽ എന്നിവ ഉൾപ്പെടുന്നതായിരുന്നു ഈ നടപടിക്രമം. എന്നാൽ ഇത് കർശനമായി നടപ്പിലാക്കണമെന്നാണ് അദ്ദേഹം ഇപ്പോൾ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.
ASDFASDF

