പൊതുജന മര്യാദകൾ ലംഘിച്ച് വീഡിയോ പ്രചരണം: അറബ് പൗരന് ബഹ്റൈനിൽ ഒരു വർഷം തടവും നാടുകടത്തലും വിധിച്ചു
പ്രദീപ് പുറവങ്കര
മനാമ: സോഷ്യൽ മീഡിയയിലൂടെ പൊതുജന മര്യാദകൾക്കും സദാചാരത്തിനും നിരക്കാത്ത വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും പരസ്യമായി പരാമർശങ്ങൾ നടത്തുകയും ചെയ്ത കേസിൽ അറബ് പൗരന് ഒരു വർഷം തടവുശിക്ഷ വിധിച്ചു. ലോവർ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുക്കാനും ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രൊസിക്യൂഷൻ നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പൊതുജന മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കം നിരീക്ഷിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പതിവായി ഇത്തരത്തിലുള്ള വീഡിയോകളിൽ പ്രത്യക്ഷപ്പെടുകയും അവ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് പ്രതിയെ പബ്ലിക് പ്രൊസിക്യൂഷൻ അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാനും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനും വേണ്ടിയാണ് ഇത്തരം വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിചാരണയ്ക്കായി ലോവർ ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയും തുടർന്ന് ശിക്ഷ വിധിക്കുകയുമായിരുന്നു.
സൈബർ ലോകവും നിയമത്തിന്റെയും കൃത്യമായ നിരീക്ഷണത്തിന്റെയും പരിധിയിലാണെന്നും അത് സുരക്ഷിതമായും നിയമപരമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പൊതുജന മര്യാദകൾക്ക് നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നത്, അത് നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. സമൂഹത്തിന്റെ പാരമ്പര്യ മൂല്യങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ഉപയോക്താക്കൾ തയ്യാറാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
dserter

