രാജ്യത്തെ സെൻസസിൽ ആദ്യമായി ജാതി വിവരങ്ങളും ഉൾപ്പെടുത്തി വിജ്ഞാപനം
ഷീബ വിജയൻ
സെൻസസിൽ രാജ്യത്തെ പൗരന്മാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ജാതി, പട്ടിക ജാതി, പട്ടിക വർഗ പദവി ഉൾപ്പെടെയുള്ള കാര്യങ്ങൾ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെൻസസിൽ ജാതി ഉൾപ്പെടുത്തുന്നത്. സെൻസസിൽ ജാതി ഉൾപ്പെടുത്താൻ കഴിഞ്ഞ വർഷം ഏപ്രിലിൽ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൗരന്മാർ നൽകുന്ന വിവരം വച്ചുള്ള ജാതിയാവും എന്യൂമറേറ്റർമാർ രേഖപ്പെടുത്തുക. ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം ഉണ്ടാവില്ല. രാജ്യത്തെ മഞ്ഞു വീഴ്ചയുള്ള പ്രദേശങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ മുപ്പതു വരെ വിവര ശേഖരണം നടത്തും. ഇവിടത്തുകാർക്ക് ഈ മാസം 17 മുതൽ സ്വയം വിവരങ്ങൾ നൽകാനും സൗകര്യമുണ്ടാവും. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ മാസം മുതൽ വിവര ശേഖരണം നടത്തുക. ശേഷിച്ച മേഖലകളിൽ അടുത്ത വർഷമാണ് സെൻസസ്.
ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്‌ക്കൊപ്പം കോവിഡ് വാക്സിൻ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹിതരാണോ, വിവാഹ സമയത്തെ പ്രായം, പങ്കാളിയുടെ പേര്, ഏതു രാജ്യത്തുനിന്നുള്ളയാളാണ്, മതം, മാതാപിതാക്കളുടെ വിവരങ്ങൾ, ശാരീരിക വെല്ലുവിളി നേരിടുന്നയാളാണോ, മാതൃഭാഷ, അറിയാവുന്ന മറ്റു ഭാഷകൾ, സാക്ഷരത, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയിലുണ്ട്.
എത്ര വരെ പഠിച്ചു, ഏതു വിഷയത്തിൽ, ജോലിയുണ്ടോ, സാമ്പത്തിക സ്ഥിതി, വ്യവസായമോ ബിസിനസ്സോ നടത്തുന്നുണ്ടോ, ഉണ്ടെങ്കിൽ ഏത് തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. ജോലി സമീപത്തു തന്നെയാണോ യാത്ര വേണ്ടിവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആരായുന്നതാണ്.
ജനന സ്ഥലം, താമസിക്കുന്ന സ്ഥലം, താമസം മാറാനുണ്ടായ കാരണം, ഓരോയിടത്തും താമസിച്ച കാലയളവ്, സ്ഥിരം വിലാസം എന്നിവയും ചോദ്യാവലിയിലുണ്ട്. എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട്, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിങ് ലൈസൻസ് ഉണ്ടോ എന്നീ കാര്യങ്ങളും എന്യൂമറേറ്റർമാർ ചോദിക്കും.
ീ്ാിേ്ിേ

