ബഹ്റൈനിൽ സൈബർ തട്ടിപ്പ്: നാല് ഏഷ്യൻ പ്രവാസികൾക്ക് മൂന്ന് വർഷം തടവും പിഴയും വിധിച്ചു


പ്രദീപ് പുറവങ്കര

മനാമ: വൻ തുകയുടെ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് മൂന്ന് വർഷം തടവും 5,000 ബഹ്റൈനി ദിനാർ വീതം പിഴയും ശിക്ഷ വിധിച്ച് ലോവർ ക്രിമിനൽ കോടതി. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. പൊതുജനാരോഗ്യ-സാമ്പത്തിക സുരക്ഷയെ തകരാറിലാക്കുന്ന ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് ജുഡീഷ്യറിയുടേതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് ലഭിച്ച പരാതിയിലാണ് നടപടി. ബഹ്റൈനിലെ ഒരു പ്രമുഖ കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. മറ്റൊരു കമ്പനിയുടെ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയ പ്രതികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായി കാണിച്ച് സന്ദേശം അയക്കുകയായിരുന്നു. വ്യാജ സന്ദേശം യഥാർത്ഥമാണെന്ന് വിശ്വസിച്ച് കമ്പനി പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. തുടന്ന് നടത്തിയ ഇലക്ട്രോണിക് പരിശോധനയിലാണ് ഇമെയിൽ ഡൊമെയ്ൻ നാമത്തിൽ ഒരു അക്ഷരം മാത്രം മാറ്റി ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.

വിവരമറിഞ്ഞ ഉടൻ അധികൃതർ അന്വേഷണം ആരംഭിക്കുകയും പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് മറ്റ് പ്രതികൾക്കായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പണം കൈപ്പറ്റിയ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കിംഗ് അധികൃതർക്ക് നിർദ്ദേശം നൽകുകയും സംഭവവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകൾ നിരീക്ഷിച്ച അന്വേഷണ സംഘം, കമ്പനിയിൽ നിന്ന് നഷ്ടപ്പെട്ട പണം പ്രതികളുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് സ്ഥിരീകരിച്ചു.

കുറ്റകൃത്യത്തിൽ പങ്കാളികളായവരുടെ പങ്കും തട്ടിപ്പ് തുക കൈപ്പറ്റിയ രീതിയും ഡിജിറ്റൽ, ഫോറൻസിക് തെളിവുകളിലൂടെ തെളിയിക്കാൻ സാധിച്ചു. കൂടാതെ തട്ടിയെടുക്കപ്പെട്ട തുകയുടെ ഒരു ഭാഗം വീണ്ടെടുക്കാനും അത് കമ്പനിക്ക് തിരികെ നൽകാനും സുരക്ഷാ വിഭാഗത്തിന് സാധിച്ചു. അന്വേഷണം പൂർത്തിയാക്കിയ പബ്ലിക് പ്രൊസിക്യൂഷൻ കേസ് ലോവർ ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സൈബർ കുറ്റകൃത്യങ്ങളിൽ കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പണമടയ്ക്കൽ രീതികളോ മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചാൽ, ഔദ്യോഗിക ആശയവിനിമയ മാർഗ്ഗങ്ങളിലൂടെ അത് ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാമ്പത്തിക ഇടപാടുകൾ നടത്താവൂ എന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സംശയാസ്പദമായ സന്ദേശങ്ങളോ ഇടപാടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണം. അടിയന്തര സഹായങ്ങൾക്കും തട്ടിപ്പ് മുന്നറിയിപ്പുകൾക്കുമായി 992 എന്ന ഹോട്ട്ലൈൻ നമ്പറിലോ, 17108108 എന്ന വാട്‌സ്ആപ്പ് നമ്പറിലോ, 'MyGov' ആപ്പ് വഴിയോ ഡയറക്ടറേറ്റിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

article-image

sdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed