വി.ഡി. സവർക്കർക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി
ഷീബ വിജയൻ
ന്യൂഡൽഹി: ഹിന്ദുത്വ നേതാവ് വി.ഡി. സവർക്കർക്കെതിരായ പ്രസ്താവനയുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിരുന്ന അപകീർത്തി കേസ് സുപ്രീം കോടതി റദ്ദാക്കി. പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിന് ആവശ്യമായ നിയമപരമായ അനുമതി യുപി സർക്കാർ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് കേസ് നടപടികൾ റദ്ദാക്കിയത്.
2022-ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചു സംസാരിച്ചു എന്നതായിരുന്നു കേസിന് ആധാരം. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ പറ്റിയിരുന്നുവെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പരാതിക്ക് ഇടയാക്കിയത്.
കേസ് കോടതി പരിഗണിച്ചപ്പോൾ, വിചാരണാ നടപടികൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് ബെഞ്ച് ആരായുകയായിരുന്നു. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വ്യക്തമാക്കുകയുണ്ടായി. ജനപ്രതിനിധികൾക്കെതിരെ കേസ് നടപടികളുമായി മുന്നോട്ട് പോകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. നിർബന്ധമായ ഈ അനുമതിയില്ലാതെയാണ് കേസെടുത്തിരുന്നതെന്ന് ബോധ്യപ്പെട്ടതോടെ സുപ്രീം കോടതി രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ റദ്ദാക്കുകയായിരുന്നു.
നേരത്തെ, കേസിൽ തനിക്ക് സമൻസ് അയച്ച കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് 2025-ൽ രാഹുൽ ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും.
ddfsdsf

