വ്യാജ ലിങ്കുകളിൽ വഞ്ചിക്കപ്പെടരുത്: ബഹ്റൈനിൽ സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ പോലീസ്


പ്രദീപ് പുറവങ്കര

മനാമ: സംശയാസ്പദമായ വെബ്‌സൈറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പുകളിൽ പെടാതിരിക്കാൻ ലിങ്കുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ബഹ്റൈനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് സമാനമായ വ്യാജ സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നതെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സന്ദേശമയക്കൽ ആപ്പുകളിലൂടെയും ഗ്രൂപ്പ് ചാറ്റുകളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതിദിനം നിരവധി ലിങ്കുകളാണ് ആളുകൾക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരം ലിങ്കുകളും വെബ്‌സൈറ്റുകളും സുരക്ഷിതവും വിശ്വസനീയവുമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉദാഹരണത്തിന്, ഒരു സർക്കാർ വെബ്‌സൈറ്റിന്റെ ലിങ്കാണ് ലഭിക്കുന്നതെങ്കിൽ അതിന്റെ അവസാനം പ്രതീക്ഷിക്കുന്നതുപോലെ .gov അല്ലെങ്കിൽ .bh എന്നുണ്ടോ അതോ .com, .org എന്നാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഔദ്യോഗിക പോർട്ടലുകൾക്ക് സമാനമായ വ്യാജ വെബ്‌സൈറ്റുകൾ, ഫിഷിംഗ് സന്ദേശങ്ങൾ, സെർച്ച് എഞ്ചിനുകളിലെ പെയ്ഡ് പരസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ആളുകളുടെ ലോഗിൻ വിവരങ്ങളും വ്യക്തിഗത ഡാറ്റയും പണവും തട്ടിയെടുക്കുന്നത്. വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് ലോഗിൻ ഐഡിയും പാസ്‌വേഡും ഒ.ടി.പി കോഡുകളും കൈക്കലാക്കുകയാണ് ഇവരുടെ രീതി. ഇന്റർനെറ്റിൽ തിരയുമ്പോൾ മുകളിൽ തന്നെ കാണിക്കുന്ന രീതിയിൽ ഇവർ പരസ്യങ്ങൾ നൽകുന്നതിനാൽ, ഔദ്യോഗിക സേവനങ്ങളാണെന്ന് കരുതി ആളുകൾ പെട്ടെന്ന് വ്യാജ ലിങ്കുകളിൽ എത്തും. സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭിക്കുന്ന സർക്കാർ സേവനങ്ങൾക്ക് ഉയർന്ന തുക ഈടാക്കാനും ഇവർ ശ്രമിക്കാറുണ്ട്.

ഇത്തരം സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ കേണൽ ഡോ. ഉസാമ ബഹാർ വിശദീകരിച്ചു. ആളുകൾക്ക് അക്ഷരത്തെറ്റ് സംഭവിക്കാനിടയുള്ള വാക്കുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ വെബ്‌സൈറ്റ് വിലാസങ്ങൾ (Domain Names) ഉണ്ടാക്കുന്നത്. വെബ്‌സൈറ്റിന്റെ പേരിൽ അക്ഷരങ്ങൾ കൂട്ടിച്ചേർത്തോ ഒഴിവാക്കിയോ, അല്ലെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് പകരം മറ്റ് ഭാഷകളിലെ സമാനമായ അക്ഷരങ്ങൾ ഉപയോഗിച്ചോ ഇവർ ആളുകളെ വഞ്ചിക്കാറുണ്ട്. കാഴ്ചയിൽ സാധാരണപോലെ തോന്നുമെങ്കിലും ഇവ ഡാറ്റ ചോർത്തുന്ന വെബ്‌സൈറ്റുകളിലേക്ക് നമ്മളെ എത്തിക്കും.

പ്രശസ്തമായ വെബ്‌സൈറ്റ് വിലാസങ്ങൾക്കൊപ്പം ഡോട്ട് അല്ലെങ്കിൽ ഡാഷ് ചേർത്ത് ഉപഡൊമെയ്‌നുകൾ (Subdomain) ഉണ്ടാക്കുന്നതാണ് മറ്റൊരു രീതി. ജനങ്ങൾക്ക് വിശ്വാസം തോന്നാൻ വിലാസത്തോടൊപ്പം 'secure' എന്ന വാക്കോ അല്ലെങ്കിൽ മറ്റ് അക്ഷരങ്ങളോ ചേർക്കാറുണ്ട്. കൂടാതെ വെബ്‌സൈറ്റ് വിലാസത്തിന്റെ അവസാന ഭാഗവും ഇവർ മാറ്റാറുണ്ട്. ബഹ്റൈനിലെ സർക്കാർ മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പരാതി പരിഹാര കേന്ദ്രങ്ങളുടെയും വെബ്‌സൈറ്റുകൾ .gov അല്ലെങ്കിൽ .bh എന്നായിരിക്കും അവസാനിക്കുന്നത്. ഇവ ഒരിക്കലും .com, .net, .org, .co എന്നിവയിൽ അവസാനിക്കില്ലെന്ന് ജനങ്ങൾ മനസ്സിലാക്കണം.

സൈബർ തട്ടിപ്പുകാർ തങ്ങളുടെ തട്ടിപ്പുരീതികൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഡോ. ബഹാർ പറഞ്ഞു. കൺമുന്നിൽ കാണുന്ന ലിങ്കുകളിൽ കണ്ണടച്ച് ക്ലിക്ക് ചെയ്യരുത് പ്രവാസികളും ഉൾപ്പെടെയുള്ള ബഹ്റൈനിലെ എല്ലാ ഉപയോക്താക്കളും ഔദ്യോഗിക സർക്കാർ ആവശ്യങ്ങൾക്കായി ബഹ്റൈൻ ഔദ്യോഗിക പോർട്ടൽ (bahrain.bh) മാത്രം ഉപയോഗിക്കണമെന്നും, അതാണ് ഏറ്റവും സുരക്ഷിതമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed