ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി സ്ത്രീ നാട്ടിലേക്ക് മടങ്ങി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി സീനത്ത് ചോലക്കൽ സുരക്ഷിതമായി നാട്ടിലേക്ക് യാത്രതിരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന സീനത്തിന് തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് അടിയന്തര ഇടപെടലുകൾ നടത്തിയത്.
സീനത്തിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ സാഹചര്യം കണക്കിലെടുത്ത് ബഹ്റൈനിലെ ഇന്ത്യൻ എംബസിയാണ് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റ് സൗജന്യമായി അനുവദിച്ചത്. സമയോചിതമായ ഈ മാനുഷിക സഹായത്തിന് ഇന്ത്യൻ എംബസി അധികൃതരോട് പ്രവാസി ലീഗൽ സെൽ നന്ദി അറിയിച്ചു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രൊഫഷണൽ ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി യാത്രാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ജനറൽ സെക്രട്ടറി അരുൺ പ്രകാശും നടപടികളിൽ സജീവമായി പങ്കാളിയായി.
ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കാണ് സീനത്ത് യാത്രതിരിച്ചത്. വിമാനത്താവളത്തിൽ എത്തിയ ശേഷം നോർക്ക (NORKA) ആംബുലൻസ് മാർഗ്ഗം കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. യാത്രയിൽ സീനത്തിനെ അനുഗമിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്ത ഉണ്ണിക്കും കുടുംബത്തിനും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
യാത്രാ നടപടികളിൽ സഹകരിച്ച ഇന്ത്യൻ എംബസി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് അധികൃതർ, ഇൻഡിഗോ ബഹ്റൈൻ, റിയാസ്, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവർക്കും പി.എൽ.സി നന്ദി അറിയിച്ചു.
dfgdfg

