എസ് കെ എസ് എസ് എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: സമസ്‌ത ബഹ്റൈൻ സാദ് അൽ മുസ്തഖീൻ (Zad Al Musthaqeen) ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് കൊണ്ട് 'ഒറ്റമനസ്സ് ഒരേ ദിശയിൽ' എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ മർക്കസ് ഹാളിൽ സംഘടിപ്പിച്ച യൂണിറ്റ് പൾസ് സംഘാടക മികവ് കൊണ്ട് ഏറെ ശ്രദ്ധേയമായി മാറി. സംഘടനാ ശാക്തികരണം, വൈജ്ഞാനിക ചർച്ചകൾ, സർഗാത്മക കഴിവുകൾ തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകളിലായി നടന്ന പ്രഥമ യൂണിറ്റ് പൾസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് നിർവ്വഹിച്ചു.
ചടങ്ങിൽ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറിയും പ്രമുഖ പ്രഭാഷകനും സംഘാടകനുമായ ബഷീർ അസ്അദി നമ്പ്രം വെർച്വൽ അതിഥിയായി പങ്കെടുത്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ആത്മീയതയിലൂടെയുള്ള സംഘടനാ ശക്തികരണത്തിനായി ഏവരും ഒരേ മനസ്സോടെയും ഒരേ ദിശയിലൂടെയും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
ഹൃദയ ബന്ധങ്ങളെ ചേർത്തുനിർത്തുന്ന രീതിയിലുള്ള പരസ്പരമുള്ള പരിചയപ്പെടലുകൾ ചടങ്ങിൽ പങ്കെടുത്ത പ്രവർത്തകർക്ക് തികച്ചും ഒരു പുത്തൻ അനുഭവമായി മാറി. യൂണിറ്റ് പൾസ് ജനറൽ കൺവീനറും എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ നവാസ് കുണ്ടറയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അനസ് ഹസനി സ്വാഗതം ആശംസിച്ചു. സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ആക്ടിംഗ് പ്രസിഡണ്ട് ഇസ്മായിൽ പറമ്പത്ത്, ജനറൽ സെക്രട്ടറി സനാഫ് റഹ്‌മാൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ് പെരിന്തൽമണ്ണ, സമസ്ത ഗുദൈബിയ ഏരിയ നേതാക്കളും സംഘാടക സമിതി കൺവീനർമാരുമായ യാസർ അറഫാത്ത്, മുഹമ്മദ് അഷ്റഫ്, അബ്ദുൽ ജബ്ബാർ, ഷംഷീർ, സിയാദ്, ഉനൈസ് എന്നിവരും എസ് കെ എസ് എസ് എഫ് ഗുദൈബിയ യൂണിറ്റ് കൺവീനർമാരായ സലാം ചോല, ജംഷീർ, മുഹമ്മദ് ഫൈസൽ, ഫായിസ് ഫൈസി, ഖലീൽ റഹ്മാൻ എന്നിവരും പരിപാടിക്ക് സജീവമായി നേതൃത്വം നൽകി. ഫായിസ് ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർ ജംഷീർ നന്ദി രേഖപ്പെടുത്തി.
dghdfghsdfsf

