കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ ബഹ്റൈൻ രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷന്റെ (KSCA) ആഭിമുഖ്യത്തിൽ ബഹ്റൈൻ രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിപുലമായ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. KSCA ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള കൂറും വിശ്വസ്തതയും രേഖപ്പെടുത്തിയ പ്രതിജ്ഞാപത്രത്തിൽ KSCA അംഗങ്ങൾ ഒപ്പുവെച്ചു. കെ.എസ്.സി.എ. പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ കൃതജ്ഞതയോടെ ഏവർക്കും സ്വാഗതം ആശംസിച്ചു.

പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായ ശ്രീ പമ്പാവാസൻ നായർ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സമൂഹത്തിന്റെ പുരോഗതിക്ക് വ്യക്തികളുടെ ആത്മാർത്ഥമായ പ്രതിബദ്ധതയും മൂല്യാധിഷ്ഠിത ജീവിതവുമാണ് ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യുവജനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ബിനു മണ്ണിൽ വിശ്വസ്തത വ്യക്തിബന്ധങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയാണെന്ന് ഓർമ്മിപ്പിച്ചു. കുടുംബത്തിൽ വിശ്വാസവും പരസ്പര ബഹുമാനവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും, കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗത്തിൽ കൃത്യമായ ജാഗ്രത പുലർത്തിക്കൊണ്ട് ധാർമികവും സാമൂഹികവുമായ മൂല്യങ്ങൾ ജീവിതത്തിൽ പകർന്നു നൽകാൻ മുതിർന്നവർ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് മുഖ്യാതിഥികളായ അഡ്വ. ബിനു മണ്ണിൽ, ശ്രീ പമ്പാവാസൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിക്കുകയും, മികവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി ഭാരവാഹികൾ, KSCA അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ക്യാമ്പയിന്റെ ഭാഗമായി ഒത്തുചേർന്നു. രഞ്ചുഷ രാജേഷ് വേദി നിയന്ത്രിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ. പങ്കെടുത്ത ഏവർക്കും ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി.

article-image

zxcvzv

You might also like

  • Lulu Exchange
  • Straight Forward

Most Viewed