എസ്.എസ്.എൽ.സിയിൽ തിളക്കമാർന്ന വിജയം; ദൃശ്യ പ്രജിത്തിന് മുഹറഖ് കാസിനോ കൂട്ടായ്മയുടെ ആദരം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്മയായ ‘മുഹറഖ് കാസിനോ കൂട്ടായ്മ ബഹ്‌റൈൻ’ അംഗങ്ങളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ആദരവർപ്പിച്ചു. 2025-2026 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 'ഫുൾ എ പ്ലസ്' നേടി ഉന്നത വിജയം കരസ്ഥമാക്കിയ ദൃശ്യാ പ്രജിത്തിനെയാണ് കൂട്ടായ്മ ആദരിച്ചത്.
കഴിഞ്ഞ ദിവസം മുഹറഖിൽ വെച്ച് പ്രൗഢമായ അന്തരീക്ഷത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജേതാവായ ദൃശ്യാ പ്രജിത് നിലവിൽ നാട്ടിലായതിനാൽ, കുട്ടിയുടെ അസാന്നിധ്യത്തിൽ പിതാവും കൂട്ടായ്മയിലെ സജീവ അംഗവുമായ പ്രജിത് പീതാംബരം ഭാരവാഹിയായ നിസാർ മാഹിയിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങി.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കുട്ടികളുടെ പഠനകാര്യങ്ങളിൽ രക്ഷിതാക്കൾ പുലർത്തുന്ന ശ്രദ്ധയും ജാഗ്രതയും ഏറെ പ്രശംസനീയമാണെന്ന് ചടങ്ങിൽ ഭാരവാഹികൾ ഓർമ്മിപ്പിച്ചു. ദൃശ്യയുടെ ഈ മികച്ച വിജയം പ്രവാസി സമൂഹത്തിന് ആകെ മാതൃകയും അഭിമാനവുമാണ്.
കൂട്ടായ്മയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഹൃദ്യമായ പ്രോത്സാഹനങ്ങൾ പ്രവാസി വിദ്യാർത്ഥികൾക്ക് ഭാവിയിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് മൊമെന്റോ ഏറ്റുവാങ്ങിക്കൊണ്ട് പ്രജിത് പീതാംബരം നന്ദിപൂർവ്വം കൂട്ടിച്ചേർത്തു.
dsgdfg

