ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ 'ഊരുഭംഗം', 'സൗപര്‍ണ്ണിക' നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ജൂൺ 16, 26 തീയതികളിലായി അരങ്ങേറുന്ന 'ഊരുഭംഗം', 'സൗപര്‍ണ്ണിക' എന്നീ രണ്ട് നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ചേർന്ന് നിർവഹിച്ചു.

മഹാകവി ഭാസൻ രചിച്ച വിഖ്യാതമായ സംസ്കൃത നാടകമായ 'ഊരുഭംഗം' മഹാഭാരത യുദ്ധത്തിന്റെ അവസാന നാളുകളിൽ ഭീമനും ദുര്യോധനനും തമ്മിൽ നടക്കുന്ന ഗദായുദ്ധവും തുടർന്ന് ദുര്യോധനന്റെ തുട തകരലുമാണ് പ്രമേയമാക്കുന്നത്. 2026 ജൂൺ 16 ചൊവ്വാഴ്ച രാത്രി 8.30ന് ബി.കെ.എസ് ഡി.ജെ ഹാളിൽ അരങ്ങേറുന്ന 'ഊരുഭംഗം' സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനും തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു നാടകാഗ്രാമമാണ്. സമാജം ഡി.ജെ ഹാളിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ 'അരേന തിയറ്റർ' സങ്കേതത്തിൽ ബഹ്‌റൈനിലെ മികച്ച കലാകാരന്മാരെ അണിനിരത്തി സംഗീതവും നൃത്തവും ഇഴകലർത്തിയാണ് 'ഊരുഭംഗം' അണിയിച്ചൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

യക്ഷിക്കഥകളുടെയും ശാപങ്ങളുടെയും പുനർജന്മങ്ങളുടെയും ഒരു മാന്ത്രിക അന്തരീക്ഷം മിത്തുകളെയും യാഥാർത്ഥ്യങ്ങളെയും സമർത്ഥമായി ചേർത്തുവെച്ച് നരേന്ദ്രപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സൗപര്‍ണ്ണിക' മലയാള നാടക സാഹിത്യത്തിൽ ആഴമുള്ള അവതരണശൈലിയും തത്വചിന്താപരമായ സംഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. ജൂൺ 26, വെള്ളി വൈകീട്ട് 8.30 ന് സമാജം വേദിയിൽ അരങ്ങേറുന്ന 'സൗപര്‍ണ്ണിക' സംവിധാനം ചെയ്യുന്നത് സന്ധ്യ ജയരാജാണ്.

ബഹ്‌റൈനിലെ നാടകപ്രേമികൾക്ക് വ്യത്യസ്തമായ ദൃശ്യ-ശ്രാവ്യ വിരുന്നായി മാറുന്ന ഈ നാടകങ്ങൾ കാണുവാൻ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ബി.കെ.എസ് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ അറിയിച്ചു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed