ബഹ്‌റൈന് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും ഇറാൻ്റെ വ്യോമാക്രമണം. ബുധനാഴ്ച പുലർച്ചെ 2.30ഓടെ രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയതിന് പിന്നാലെയായിരുന്നു തുടർച്ചയായ ആക്രമണമുണ്ടായത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെയും യു.എസ് സൈനിക താവളത്തെയും ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ആക്രമണത്തിനായി എത്തിയത്. എന്നാൽ ഇവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകർക്കാൻ സൈന്യത്തിന് സാധിച്ചതിനാൽ രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിൻ്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ബഹ്‌റൈൻ്റെ എല്ലാ സൈനിക വിഭാഗങ്ങളും സദാ സജ്ജമാണെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളം അടച്ചിടുന്നതിനെക്കുറിച്ചോ വ്യോമപാത നിയന്ത്രിക്കുന്നതിനെ കുറിച്ചോ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, രാവിലെ കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് വിമാനങ്ങളെല്ലാം നിലവിൽ മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ സർവീസ് നടത്തുന്നുണ്ട്.
ആക്രമണത്തെ തുടർന്ന് തകർന്നുവീണ മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ, അല്ലെങ്കിൽ സംശയാസ്പദമായ മറ്റ് വസ്തുക്കൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അതിനടുത്തേക്ക് പോകാനോ തൊടാനോ പാടില്ലെന്ന് സൈന്യം കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കണം. റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റിലെ വിദഗ്ധർ ഈ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാൻ പൂർണ്ണ സജ്ജരാണെന്നും അധികൃതർ അറിയിച്ചു.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന ചൂണ്ടിക്കാണിച്ചു. എങ്കിലും പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 28നായിരുന്നു ബഹ്‌റൈന് നേരെ ആദ്യ ആക്രമണമുണ്ടായത്. തുടർന്ന് രണ്ട് മാസത്തോളം നീണ്ടുനിന്ന അശാന്തമായ അന്തരീക്ഷം വെടിനിർത്തൽ പ്രഖ്യാപനത്തോടെയാണ് മാറിയത്. എന്നാൽ പിന്നീട് മേഖലയിലെ സ്ഥിതിഗതികൾ വഷളായതോടെ, ഒരു ഇടവേളക്ക് ശേഷം രാജ്യം വീണ്ടും ആക്രമിക്കപ്പെടുകയായിരുന്നു.
sdfdsf

