ബഹ്‌റൈൻ നാടോടി പൈതൃകം തൊട്ടറിയാം; 'അൽ-ഹയ്യ ബിയ' സാംസ്‌കാരിക പരിപാടിയുമായി ബാക്ക
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന്റെ പരമ്പരാഗത നാടോടി പൈതൃകം ആഘോഷിക്കുന്നതിനും സാംസ്‌കാരിക പാരമ്പര്യം വരുംതലമുറകൾക്കായി നിലനിർത്തുന്നതിനുമായി പുതിയ സാംസ്‌കാരിക പരിപാടിയുമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA). 'അൽ-ഹയ്യ ബിയ' (Al-Hayya Biya) എന്ന് പേരിട്ടിരിക്കുന്ന ഈ സാംസ്‌കാരിക ഉത്സവം മേയ് 25-ന് മുഹറഖിലെ ഖലാത് ബു മാഹിർ (Qal’at Bu Mahir) ബീച്ചിൽ വെച്ച് നടക്കും. പാരമ്പരാഗത സംഗീതം, കഥപറച്ചിൽ, പരിസ്ഥിതി സൗഹൃദ പൈതൃക പ്രവർത്തനങ്ങൾ എന്നിവ കോർത്തിണക്കിയുള്ള വിപുലമായ പരിപാടികളാണ് കുടുംബങ്ങൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
തലമുറകളായി കൈമാറിവന്ന നാടോടി ആചാരങ്ങളും പാരമ്പര്യങ്ങളും പ്രദർശിപ്പിക്കുന്ന സാംസ്‌കാരിക സന്ധ്യയും പ്രശസ്ത പരമ്പരാഗത കഥാകാരൻ 'ബാബ യാസീൻ' നയിക്കുന്ന കഥപറച്ചിൽ സെഷനുകളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. ബഹ്‌റൈന്റെ കടൽത്തീര പൈതൃകം, പ്രാദേശിക വ്യക്തിത്വം, കടലുമായി ജനങ്ങൾക്കുള്ള ചരിത്രപരമായ ബന്ധം എന്നിവയെക്കുറിച്ചുള്ള കഥകളാണ് അദ്ദേഹം പങ്കുവെക്കുക. ഇതോടൊപ്പം അൽ-ഹയ്യ ബിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പരമ്പരാഗത ഗാനങ്ങളും പൈതൃക സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങളും അവതരിപ്പിക്കും. അറഫാ ദിനത്തോടും ഈദുൽ അദ്ഹയോടും അനുബന്ധിച്ചുള്ള ആത്മീയവും സാമൂഹികവുമായ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന പരിപാടികളും ഇതിന്റെ ഭാഗമായിരിക്കും. സമൂഹ പങ്കാളിത്തത്തിലൂടെയും പരമ്പരാഗത കലകളിലൂടെയും ബഹ്‌റൈന്റെ തനത് സംസ്‌കാരം സജീവമായി നിലനിർത്താനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് ബാക്ക ഈ പരിപാടി സംഘടിപ്പിക്കുന്നത്.
xcvv

