മോഷ്ടാക്കൾക്ക് കടുത്ത താക്കീതുമായി ബഹ്‌റൈൻ; സുരക്ഷ ശക്തമാക്കി പൊലീസ് പട്രോളിംഗും നിരീക്ഷണ കാമറകളും
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് മോഷണങ്ങളും കവർച്ചകളും തടയുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. പട്രോളിംഗ് ശക്തമാക്കിയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചും പരിശോധനകൾ കർശനമാക്കിയ അധികൃതർ, കുറ്റവാളികൾക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുമെന്ന ശക്തമായ താക്കീതും നൽകി.
സംശയസ്പദമായ സാഹചര്യങ്ങളിൽ ഉള്ളവരെ നിരീക്ഷിക്കുന്നതിനും മോഷണങ്ങൾ തടയുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വിപുലമായ പൊലീസ് പട്രോളിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും പ്രതികളുടെ രീതികൾ വിശകലനം ചെയ്ത് കേസ് തെളിയിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുന്നതായി സുരക്ഷാ അധികൃതർ വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണവും ഏറെ നിർണ്ണായകമാണ്.
ബഹ്‌റൈൻ നിയമപ്രകാരം മോഷണക്കേസുകളിൽ കടുത്ത ശിക്ഷയാണ് പ്രതികൾക്ക് കാത്തിരിക്കുന്നത്. 1976-ലെ ഡിക്രി നിയമം (15)-ഉം അതിന്റെ ഭേദഗതികളും അനുസരിച്ച്, ആയുധം ഉപയോഗിച്ചുള്ള കവർച്ച, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, അക്രമം, ഒന്നിലധികം പേർ ചേർന്ന് രാത്രികാലങ്ങളിൽ നടത്തുന്ന കവർച്ചകൾ എന്നിവയ്ക്ക് ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാം. വീടുകൾ, ആരാധനാലയങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മോഷണങ്ങൾക്കും കടുത്ത ജയിൽ ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഓരോ കേസുകളുടെയും സാഹചര്യം വിലയിരുത്തി തുടർനടപടികൾക്കായി ഇവ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും പിന്നീട് കോടതിയിലേക്ക് മാറ്റുകയും ചെയ്യും.
ഇതോടൊപ്പം, വീടുകളിലെ സുരക്ഷ വർദ്ധിപ്പിക്കാൻ താമസക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സിസിടിവി കാമറകൾ സ്ഥാപിക്കുക, ജനലുകളും വാതിലുകളും കൃത്യമായി പൂട്ടി സുരക്ഷിതമാക്കുക, പുറത്തെ വെളിച്ചം വർദ്ധിപ്പിക്കുക എന്നിവയോടൊപ്പം തങ്ങളുടെ യാത്രാ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വീടിന്റെ മുൻഭാഗങ്ങളിൽ സ്പെയർ കീ സൂക്ഷിക്കുന്നതും എളുപ്പത്തിൽ കൈക്കലാക്കാൻ പാകത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെക്കുന്നതും ഒഴിവാക്കണം. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.
sdfsdf

