കടബാധ്യതയുള്ളവരുടെ യാത്രാവിലക്ക് എത്ര തവണ വേണമെങ്കിലും നീട്ടാം; നിയമഭേദഗതിക്ക് ബഹ്‌റൈൻ പാർലമെന്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കടബാധ്യതയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്ക് നിശ്ചിത പരിധിയില്ലാതെ എത്ര തവണ വേണമെങ്കിലും പുതുക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി ചൊവ്വാഴ്ച ബഹ്‌റൈൻ പാർലമെന്റ് വോട്ടിനിടും. സിവിൽ എൻഫോഴ്‌സ്‌മെന്റ് നിയമത്തിലെ 40-ാം അനുച്ഛേദത്തിലാണ് സുപ്രധാനമായ ഈ മാറ്റം നിർദ്ദേശിച്ചിരിക്കുന്നത്.
നിലവിലുള്ള നിയമപ്രകാരം ഒരു തവണ മൂന്ന് മാസത്തേക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്. പുതിയ ഭേദഗതി പ്രകാരം, നിയമപരമായ കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഈ മൂന്ന് മാസ കാലാവധി പരിധിയില്ലാതെ തുടർച്ചയായി പുതുക്കാൻ അധികൃതർക്ക് സാധിക്കും. ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്‌സ് കമ്മിറ്റി രണ്ട് കരട് നിയമങ്ങൾ സംയോജിപ്പിച്ചാണ് ഈ ഏകീകൃത നിർദ്ദേശം തയ്യാറാക്കിയത്.
യാത്രാവിലക്ക് നിലനിൽക്കുന്നു എന്നത് വിദേശികളെ നാടുകടത്തുന്നതിനോ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെടുന്നതിനോ തടസ്സമാകില്ലെന്നും ഭേദഗതി വ്യക്തമാക്കുന്നു. കടബാധ്യതയുള്ളവർ രാജ്യം വിട്ട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നത് തടയാൻ ഈ നീക്കം അനിവാര്യമാണെന്ന് ബഹ്‌റൈൻ ബാർ സൊസൈറ്റി അഭിപ്രായപ്പെട്ടു. എന്നാൽ, നിയമപരമായ സന്തുലിതാവസ്ഥയും വ്യക്തികളോടുള്ള തുല്യമായ പരിഗണനയും ഉറപ്പാക്കണമെന്ന ആശങ്ക സർക്കാരും നീതിന്യായ മന്ത്രാലയവും പങ്കുവെച്ചിട്ടുണ്ട്.
sgg




