പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് 19കാരി; രക്ഷകരായി ആശുപത്രി ജീവനക്കാർ
ഷീബ വിജയൻ
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ യുവതി ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുറത്ത് കല്ലുകൾക്കും കമ്പികൾക്കും ഇടയിൽ വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്തൊൻപതുകാരിയാണ് പ്രസവവിവരം മറച്ചുവെച്ച് കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.
കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ശുചിമുറിയിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേൾക്കുകയായിരുന്നു. ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്.
ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് പ്രൊട്ടക്ഷനിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
aswasas

