മനുഷ്യക്കടത്ത് കേസ്: യുവതിയുടെ 15 വർഷം തടവ് ശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഏഷ്യൻ വംശജയായ യുവതിയെ മനുഷ്യക്കടത്തിലൂടെ ബഹ്‌റൈനിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ 32-കാരിയുടെ 15 വർഷം തടവ് ശിക്ഷ ഹൈ ക്രിമിനൽ കോടതി ശരിവെച്ചു. തടവ് കാലാവധിക്ക് ശേഷം പ്രതിയെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. നേരത്തെ പ്രതിയുടെ അസാന്നിധ്യത്തിൽ പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ശിക്ഷാ നടപടികൾ സ്ഥിരീകരിച്ചത്.
2019 ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഭക്ഷണശാലയിൽ ജോലി നൽകാമെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസി വഴി വിശ്വസിപ്പിച്ചാണ് ഇരയായ യുവതിയെ ബഹ്‌റൈനിൽ എത്തിച്ചത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയ യുവതിയെ പ്രതി വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുകയും ഒരു മാസത്തിലധികം നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയും ചെയ്തു.
ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചുമാണ് യുവതിയെ പ്രതി വേശ്യാവൃത്തിക്ക് നിർബന്ധിച്ചത്. സാമ്പത്തിക ലാഭത്തിനായി ഇരയെ ചൂഷണം ചെയ്യുകയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം നിഷേധിക്കുകയും ചെയ്തതായി കേസ് രേഖകൾ വ്യക്തമാക്കുന്നു. കേസിൽ കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനും പ്രതിഭാഗത്തിന് അഭിഭാഷകനെ നിയമിക്കുന്നതിനുമായി ഏപ്രിൽ 13-ലേക്ക് കോടതി നടപടികൾ മാറ്റിവെച്ചു.
sdsdsds




