ഇറാൻ ഡ്രോൺ തകർത്തു; സിത്രയിൽ വീടുകൾക്ക് നാശനഷ്ടം, 4 പേർക്ക് പരിക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ സിത്ര ഏരിയ ലക്ഷ്യമാക്കി എത്തിയ ഇറാൻ ഡ്രോൺ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ഡ്രോൺ തകർത്തതിനെത്തുടർന്ന് താഴേക്ക് വീണ അവശിഷ്ടങ്ങൾ പതിച്ച് നാല് സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു. സിത്രയിലെ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു.

സംഭവസ്ഥലത്തെത്തിയ പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസ്സൻ അൽ ഹസ്സൻ, ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹമ്മൂദ് അൽ ഖലീഫ എന്നിവർ നാശനഷ്ടങ്ങൾ വിലയിരുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

ഏതൊരു വെല്ലുവിളിയെയും അതിജീവിക്കാൻ ബഹ്‌റൈൻ സുസജ്ജമാണെന്ന് പോലീസ് ചീഫ് വ്യക്തമാക്കി. ബാധിക്കപ്പെട്ടവർക്ക് ആവശ്യമായ സഹായമെത്തിക്കാൻ ഹിസ് മജസ്റ്റി രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ നടപടികളും ഏകോപിപ്പിക്കുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ബഹ്‌റൈൻ സുരക്ഷാ സേന പൂർണ്ണമായ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. സിത്രയിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ താമസസൗകര്യവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ ഗവർണറേറ്റ് തലത്തിൽ നടപടികൾ ആരംഭിച്ചു. രാജ്യത്തിന്റെ ഐക്യവും കരുത്തും ഇത്തരം വെല്ലുവിളികളിലൂടെ കൂടുതൽ ദൃഢമാകുമെന്ന് ക്യാപിറ്റൽ ഗവർണർ കൂട്ടിച്ചേർത്തു.

article-image

asasasas

You might also like

  • NEC

Most Viewed