മുഹറഖ് മലയാളി സമാജം 'കളിക്കൂട്ടം' സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
മുഹറഖ് മലയാളി സമാജത്തിന്റെ കുട്ടികളുടെ കൂട്ടായ്മയായ 'മഞ്ചാടി ബാലവേദി'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കളിക്കൂട്ടം' വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. കുട്ടികളുടെ കായികവും മാനസികവുമായ വികാസം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മത്സരങ്ങളും ബുദ്ധിക്ഷമത പരിശോധിക്കുന്ന സവിശേഷമായ ഇനങ്ങളും അരങ്ങേറി. പുതുവർഷത്തിൽ കുട്ടികൾ സ്വീകരിക്കേണ്ട ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചുള്ള ബോധവൽക്കരണവും അതിനോടനുബന്ധിച്ചുള്ള പ്രതിജ്ഞയുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.
മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.എം.എസ് വനിതാ വേദി ജോയിന്റ് കൺവീനർ ഷീന നൗസൽ, ജോയിന്റ് സെക്രട്ടറി മുബീന മൻഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ മഞ്ചാടി കൺവീനർമാരായ അഫ്രാസ് അഹമ്മദ്, ആര്യനന്ദ ഷിബു എന്നിവരും ജോയിന്റ് കൺവീനർമാരായ അക്ഷയ് ശ്രീകുമാർ, ശ്രീഗൗരി, മുഹമ്മദ് റാസിൻ എന്നിവരും സന്നിഹിതരായിരുന്നു.
സമാജം ഭാരവാഹികളായ അബ്ദുൽ മൻഷീർ, അരുൺകുമാർ, ബാഹിറ അനസ്, മൊയ്തീ ടി.എം.സി, ലത്തീഫ് കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

