സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച് അൻവർ സാദത്ത് എംഎൽഎ ; നിയമസഭയിൽ സംഘർഷാവസ്ഥ തുടരുന്നു


ഷീബ വിജയൻ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കേരള നിയമസഭയിൽ കനത്ത സംഘർഷം അരങ്ങേറി. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച അൻവർ സാദത്ത് എംഎൽഎ, ടി.വി. ഇബ്രാഹിം, മാത്യു കുഴൽനാടൻ എന്നിവരെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇതോടെ സഭാനടപടികൾ താൽക്കാലികമായി നിർത്തിവച്ചു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ കടുത്ത പ്രതിഷേധം ഉയർത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) വെറും നോക്കുകുത്തിയായി മാറിയെന്നും, പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികൾ പുറത്തിറങ്ങുമെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു.

ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ മുഖത്തിന് നേരെ "സ്വർണ്ണം കട്ടത് ആര്?" എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. അൻവർ സാദത്ത്, ടി.വി. ഇബ്രാഹിം, മാത്യു കുഴൽനാടൻ എന്നീ എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതോടെ വാച്ച് ആൻഡ് വാർഡ് അവരെ തടയുകയും സഭയിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതോടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോവുകയും സഭാനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് വ്യക്തമായ വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ അക്രമം കാണിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്ജ് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ട ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്ക ഗാന്ധിയുടെ അനുയായികളാണ് ഇവരെന്നും, ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി തിരിച്ചടികൾ ഏൽക്കുന്നതിന്റെ നിരാശയിലാണ് പ്രതിപക്ഷമെന്നും മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഭരണപക്ഷം ആരോപിച്ചു.

article-image

rdfgdfdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed