ബി.കെ.എസ് - ഡി.സി ബുക്ക് ഫെസ്റ്റ്: അഞ്ചാം ദിനത്തിൽ നാസർ മുതുകാടിന്റെ 'അരുളപ്പാട്' പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ കേരളീയ സമാജവും ഡി.സി. ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനം ശ്രദ്ധേയമായ സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ പ്രവാസി എഴുത്തുകാരൻ നാസർ മുതുകാടിന്റെ 'അരുളപ്പാട്' എന്ന പുസ്തകം പ്രകാശനം ചെയ്തു. വാരാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച 'അക്ഷരത്തോണി' എന്ന പരിപാടിയും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് 'അരുളപ്പാട്' പ്രകാശനം ചെയ്തത്. പ്രമുഖ യുവ എഴുത്തുകാരനായ നസീഫ് കളയത്ത് പുസ്തകം പ്രകാശനം ചെയ്തു.
ബി.കെ.എസ്. പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. എസ്.വി. ബഷീർ പുസ്തകപരിചയം നടത്തി. ബിജു എം. സതീഷ് കോർഡിനേറ്ററായ ചടങ്ങിൽ, ബുക്ക് ഫെയർ ജനറൽ കൺവീനർ ആഷ്‌ലി കുര്യൻ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ സിൻഷാ വിതേഷ് എന്നിവർ സന്നിഹിതരായിരുന്നു.
പുസ്തക പ്രകാശനത്തിന് ശേഷം ശ്രീ നസീഫ് കളയത്തുമായി മുഖാമുഖം പരിപാടി നടന്നു. റിതിൻ രാജ് മോഡറേറ്ററായിരുന്നു.
ഇതിനുപുറമെ, ബഹ്‌റൈൻ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി എക്സിബിഷനും സമാജം അങ്കണത്തിൽ നടന്നുവരുന്നുണ്ട്. ഡിസംബർ പതിനാലാം തീയതി വരെയാണ് പുസ്തകോത്സവം നടക്കുന്നത്.
dsfsf
