ടൂറിസം വളർച്ചക്ക് കുതിപ്പേക്കാൻ ബഹ്‌റൈനിൽ ക്രൂയിസ് സീസൺ ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: 2025-2026 ക്രൂയിസ് കപ്പൽ സീസണിലെ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ ബഹ്‌റൈൻ ഊഷ്മളമായി വരവേറ്റു. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് പുതിയ സീസണിന് തുടക്കമായത്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), ഖലീഫ ബിൻ സൽമാൻ പോർട്ട്, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, എ.പി.എം. ടെർമിനൽസ് ബഹ്‌റൈൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സീസൺ ആരംഭിച്ചത്.
ബഹ്‌റൈനിലെത്തിയ സഞ്ചാരികളെ പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങളോടെയാണ് സ്വീകരിച്ചത്. പുതിയ സീസൺ, 2022-2026 ടൂറിസം സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് ബി.ടി.ഇ.എ. പ്രസ്താവനയിൽ അറിയിച്ചു. ടൂറിസം പ്രവർത്തനങ്ങളിലും ദേശീയ സമ്പദ്‌വ്യവസ്ഥയിലും ഗതാഗത, റീട്ടെയിൽ മേഖലകളിലും ഇത് നല്ല സ്വാധീനം ചെലുത്തുമെന്നും അതോറിറ്റി സൂചിപ്പിച്ചു.
2024-2025 സീസൺ ബഹ്‌റൈൻ ടൂറിസത്തിന് വലിയ നേട്ടമായിരുന്നു. കഴിഞ്ഞ സീസണിൽ ക്രൂയിസ് കപ്പലുകൾ വഴി രാജ്യത്തെത്തിയ സഞ്ചാരികളുടെ എണ്ണം 1,40,100 ആയിരുന്നു. ഇത് മുൻ സീസണിനെ അപേക്ഷിച്ച് 15% വർധനവാണ് രേഖപ്പെടുത്തിയത്. ആ സീസണിൽ ആകെ 40 ക്രൂയിസ് കപ്പലുകളാണ് രാജ്യത്തെത്തിയത്. ഇതോടൊപ്പം ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ള താമസക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.
2026-2027 സീസണിൽ ക്രൂയിസ് കപ്പലുകൾ ബഹ്‌റൈനിൽ ചെലവഴിക്കുന്ന സമയം മൂന്ന് ദിവസം വരെ നീട്ടാൻ പദ്ധതിയുണ്ടെന്നും ബി.ടി.ഇ.എ. അറിയിച്ചു. ഭാവിയിൽ ക്രൂയിസ് കപ്പലുകൾ ബഹ്‌റൈനെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി കണക്കാക്കുമെന്നാണ് പ്രതീക്ഷ.
xassaas
