ഭാഷാദിനോത്സവം: മലയാളത്തിളക്കത്തിൽ കേരളപ്പിറവി ആഘോഷിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ
പ്രദീപ് പുറവങ്കര
മനാമ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച 'ഭാഷാദിനോത്സവം' ശ്രദ്ധേയമായി. ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ പങ്കാളിത്തം ഉണ്ടായി.
ഭാഷാ പ്രതിജ്ഞയോടെ ആരംഭിച്ച ആഘോഷങ്ങൾ ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള, സമാജം ഭരണസമിതി അംഗങ്ങളായ ദിലീഷ് കുമാർ, വിനയചന്ദ്രൻ നായർ എന്നിവർ ആശംസകൾ നേർന്നു. ചാപ്റ്റർ കോർഡിനേറ്റർ രജിത അനി നന്ദി രേഖപ്പെടുത്തി. തുടർന്ന്, ചാപ്റ്ററിന് കീഴിലുള്ള വിവിധ പഠനകേന്ദ്രങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
ബഹ്റൈൻ കേരളീയ സമാജം, എസ്.എൻ.സി.എസ്, ബഹ്റൈൻ പ്രതിഭ, ജി.എസ്.എസ്, മുഹറഖ് മലയാളി സമാജം, കെ.എസ്.സി.എ, പ്രവാസി ഗൈഡൻസ് ഫോറം, യുണിറ്റി ബഹ്റൈൻ, എഫ്.എസ്.എ എന്നീ ഒൻപത് പാഠശാലകളുടെ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2011-ൽ ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ബഹ്റൈനിലാണ്. നിലവിൽ ഒൻപത് സാംസ്കാരിക കൂട്ടായ്മകൾക്ക് കീഴിലായി പതിനൊന്ന് പഠനകേന്ദ്രങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
150-ൽ അധികം അധ്യാപകർ സൗജന്യ സേവനം നൽകുന്ന ഈ കേന്ദ്രങ്ങളിലായി 2500-ഓളം കുട്ടികൾ ഭാഷാ പഠനം നടത്തുന്നുണ്ട്.
aa
