ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ മാർഗ്ഗനിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ബാംഗ് സങ് തായ് ഓഡിറ്റോറിയത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം, പ്രതിഭ പാഠശാലയുടെ മനാമ, റിഫ ക്യാമ്പസുകളിലെ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളാൽ ശ്രദ്ധേയമായി.
ഭാഷാ പ്രതിജ്ഞയോടെ ആരംഭിച്ച ഔപചാരിക ചടങ്ങ്, ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രതിഭ പാഠശാല കൺവീനർ ബാബു വി. ടി. സ്വാഗതം ആശംസിച്ചു. പാഠശാല കോർഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണിൽ, പാഠശാല പ്രധാന അധ്യാപകൻ സുരേന്ദ്രൻ വി. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ ഹൃദ്യ രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി.
പ്രതിഭ പാഠശാലയുടെ തുടക്ക ക്ലാസുകൾക്കായുള്ള 'തുമ്പ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഔദ്യോഗിക ചടങ്ങിൽ വെച്ച് നടന്നു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഭാഷാ പ്രതിജ്ഞ, സ്കിറ്റ്, മൈം, ഗാനങ്ങൾ, ഫ്യൂഷൻ ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, ഫോക്ക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ദേശീയ ഗാനാലാപനത്തോടെ കേരളപ്പിറവി ദിന ആഘോഷ പരിപാടി സമാപിച്ചു.
aa
