സീറോ-മലങ്കര സംഗമം 'സുകൃതം 2025' ബഹ്റൈനിൽ നാളെ ആരംഭിക്കും

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ – അറേബ്യൻ റീജിയൻ ടെറിട്ടറിയിലെ സീറോ-മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ വാർഷിക സംഗമമായ 'സുകൃതം 2025' ബഹ്റൈനിൽ നാളെ (ഒക്ടോബർ 2, വ്യാഴം) ആരംഭിക്കും. ഒക്ടോബർ 4 വരെ മൂന്ന് ദിവസങ്ങളിലായി അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ വെച്ചാണ് സംഗമം നടക്കുന്നത്.
സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡി എന്നിവർ സംഗമത്തിൽ പങ്കെടുക്കും.
ബഹ്‌റൈനിൽ നിന്നുള്ള 1,500 ഓളം ഇടവകാംഗങ്ങളും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 500-ൽ അധികം പ്രതിനിധികളും സുകൃതത്തിന്റെ ഭാഗമാകുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് 3.30 മുതൽ പ്രതിനിധികളുടെ രജിസ്ട്രേഷനും കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയും നടക്കും. ഒക്ടോബർ 3ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം സമൂഹബലി ഉണ്ടായിരിക്കും. തുടർന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും വിവിധ മത-സഭാ നേതാക്കളും പങ്കെടുത്ത് സംസാരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മലങ്കര കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ ഈ ചടങ്ങിൽ ആദരിക്കും.
ജുഫൈറിലെ പാർക്ക് റിജീസ് ഹൊട്ടലിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ സുകൃതം 2025 ജനറൽ കൺവീനർ ഫാദർ ജേക്കബ് കല്ലുവിള, അബ്രഹാം ജോൺ, ബാബു തങ്ങളത്തിൽ, റോബിൻ അബ്രഹാം, ഷോനു ചാക്കോ, വിൻസെന്റ് എന്നിവർ പങ്കെടുത്തു.
aa