ബഹ്‌റൈൻ-ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടും പാരീസിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള പരസ്പര പങ്കാളിത്തം നിലനിർത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും കൂടിക്കാഴ്ചക്കിടയിൽ വ്യക്തമാക്കി. കൂടിക്കാഴ്ചക്കുശേഷം ബഹ്‌റൈൻ-ഫ്രഞ്ച് സംയുക്ത ഉന്നത സമിതിയുടെ നാലാമത്തെ സമ്മേളനം ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫയും ഫ്രഞ്ച്- യൂറോപ്പ്, വിദേശകാര്യ മന്ത്രാലയത്തിലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഡിപ്പാർട്മെന്റ് ഡയറക്ടർ റോമാരിക് റോയിഗ്നാനും ചേർന്നാണ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. സുസ്ഥിരമായ സാമ്പത്തിക വികസനത്തിനും ഊർജ സംക്രമണത്തിനും പിന്തുണ നൽകുന്ന നിക്ഷേപം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും ഇവർ ചർച്ച ചെയ്തു.
dsdsds