മയക്കുമരുന്ന് കടത്ത്: ബഹ്‌റൈനിൽ ഡെലിവറി ഡ്രൈവർക്ക് 5 വർഷം തടവും പിഴയും

പ്രദീപ് പുറവങ്കര
മനാമ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സ്വദേശിയായ 25 വയസ്സുകാരൻ ഡെലിവറി ഡ്രൈവർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 3,000 ദിനാർ പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉമ്മുൽ ഹസ്സമിലുള്ള ഒരു വീട്ടിലെ എയർകണ്ടീഷനിംഗ് യൂണിറ്റിന് മുകളിൽ ഒരു ബാഗ് ഒളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥനാണ് ഇയാളെ പിടികൂടാൻ ശ്രമിച്ചത്. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഡെലിവറി ഡ്രൈവർ പരിഭ്രാന്തിയിൽ സമീപത്തെ കെട്ടിടത്തിന്റെ മതിലിൽ ഇടിച്ച് വീഴുകയായിരുന്നു. എന്നാൽ ഈ ശ്രമത്തിലും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഷാബു എന്നറിയപ്പെടുന്ന ക്രിസ്റ്റൽ മെത്ത് മയക്കുമരുന്ന് ഇയാളുടെ ബൈക്കിലെ ഡെലിവറി ബോക്സിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ഒരു മാസത്തിനുശേഷം ഹമലയിൽ വെച്ച് മറ്റൊരു മയക്കുമരുന്ന് കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പ്രമുഖ ഫുഡ് ഡെലിവറി കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം മയക്കുമരുന്ന് കടത്തിലും ഇയാൾ സജീവമായിരുന്നെന്ന് സമ്മതിച്ചത്. രാജ്യത്തുടനീളം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് പിന്നീട് വാങ്ങുന്നയാൾക്ക് കൈപ്പറ്റാൻ സാധിക്കുന്ന "ഡെഡ് ഡ്രോപ്പ്" രീതിയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇതിനായി പ്രതിദിനം പത്ത് ദിനാർ ലഭിച്ചിരുന്നതായും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
aa