ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളിൽ വൻ അഴിമതി; മുന്‍ യുജിസി തലവനടക്കം 36 പേർക്കെതിരെ കേസ്


ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതായി സിബിഐ. മുന്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ഡി.പി സിങ് ഉള്‍പ്പെടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ 36 പേര്‍ക്കെതിരെ കേസെടുത്തു. ഡി.പി സിങ് ഇപ്പോള്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ചാന്‍സലറാണ്.

2018-2012 വരെ യുജിസി തലവനായിരുന്നു അദ്ദേഹം. എഫ് ഐ ആര്‍ പ്രകാരം, ദേശീയ മെഡിക്കല്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യാഗസ്ഥരും രാജ്യത്തുടനീളമുള്ള സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രതിനിധികളുമാണ് മറ്റ് പ്രതികള്‍.

രഹസ്യ റെഗുലേറ്ററി വിവരങ്ങള്‍ അനധികൃതമായി പങ്കിടല്‍, നിയമപരമായ പരിശോധനകളില്‍ കൃത്രിമം കാണിക്കല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വ്യാപകമായ കൈക്കൂലി വാങ്ങലുകള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

പരിശോധനാ ഷെഡ്യൂളുകള്‍, മൂല്യനിര്‍ണയം നടത്തുന്നവരുടെ പേരുകള്‍, ഇന്റേണല്‍ മാര്‍ക്കുകള്‍ എന്നിവ പ്രതികള്‍ ചോര്‍ത്തിയ രേഖകളില്‍ ഉള്‍പ്പെടുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ ഫാക്കല്‍റ്റി അംഗങ്ങളെ വിന്യസിക്കുക, വ്യാജ രോഗികളെ പ്രവേശിപ്പിക്കുക, ബയോമെട്രിക് ഹാജര്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുക, അനുകൂല റിപ്പോര്‍ട്ടുകള്‍ക്കായി അധികൃതര്‍ക്ക് കൈക്കൂലി നല്‍കുക എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മെഡിക്കല്‍ കോളജുകളില്‍ പ്രതികള്‍ അനുവദിച്ചത്.

മുതിര്‍ന്ന ഉദ്യാഗസ്ഥരുടെ രഹസ്യവിവരങ്ങളടക്കമുള്ള ഫയലുകള്‍ വരെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്ത് സ്വകാര്യ കോളേജുകളുമായി ബന്ധപ്പെട്ട ഇടനിലക്കാര്‍ക്ക് നല്‍കിയെന്നും എഫ് ഐ ആറില്‍ പറയുന്നു. മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ചോര്‍ന്ന ഡാറ്റ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നവരില്‍ ഗുഡ്ഗാവിലെ വീരേന്ദ്ര കുമാര്‍, ഡല്‍ഹി ദ്വാരകയിലെ മനീഷ ജോഷി, ഇന്‍ഡോറിലെ ഇന്‍ഡെക്സ് മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സുരേഷ് സിംഗ് ഭഡോറിയ, ഉദയ്പൂരിലെ ഗീതാഞ്ജലി സര്‍വകലാശാല രജിസ്ട്രാര്‍ മയൂര്‍ റാവല്‍ തുടങ്ങിയ പ്രമുഖ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ വ്യക്തികളടക്കം ഉള്‍പ്പെടുന്നു.

മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡിന്റെ മുഴുവന്‍ സമയ അംഗമായിരുന്ന ജിതു ലാല്‍ മീനയുമായി വീരേന്ദ്ര കുമാറിന് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. വീരേന്ദ്ര കുമാര്‍ വഴിയുള്ള ഹവാല ഇടപാടുകളില്‍ ജിതുലാല്‍ കൈക്കൂലി വാങ്ങിയതായും, ഫണ്ട് വിതരണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാനില്‍ 75 ലക്ഷം രൂപ ചെലവില്‍ ഒരു ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഈ അനധികൃത ഫണ്ട് ഉപയോഗിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന്ധ്രാപ്രദേശിലെ കാദിരിയില്‍ നിന്നുള്ള ബി. ഹരി പ്രസാദ് നടത്തുന്ന റാക്കറ്റിന്റെ ദക്ഷിണേന്ത്യന്‍ ശൃംഖലയെക്കുറിച്ചും എഫ്‌ഐആറില്‍ പരാമര്‍ശിച്ചു.

ഹൈദരാബാദില്‍ അങ്കം രാംബാബു, വിശാഖപട്ടണത്ത് കൃഷ്ണ കിഷോര്‍ എന്നിവര്‍ ഹരിപ്രസാദിന്റെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ഡമ്മി ഫാക്കല്‍റ്റി ക്രമീകരിക്കുന്നതിലും കൈക്കൂലി വാങ്ങി പിന്‍വാതില്‍ നിയമന അംഗീകാരങ്ങള്‍ നല്‍കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചതായി ആരോപണം ഉയരുന്നുണ്ട്.

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed